ലോകത്ത് സ്വാധീനമേറിയ 500 മുസ്‌ലിംകളില്‍ സമസ്ത കേന്ദ്രമുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ നദ്‌വിയും

വുമണ്‍ ഓഫ് ദി ഇയര്‍ ആയി ജോര്‍ദാന്‍ രാജ്ഞി റാനിയ അബ്ദുല്ലയെ തെരഞ്ഞെടുത്തു

Update: 2024-10-08 06:36 GMT
Advertising

അമ്മാന്‍: ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തിത്വങ്ങളില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാല വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇത്തവണയും ഇടംനേടി. മതപണ്ഡിതരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഡോ. നദ്‌വി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍, അമേരിക്കയിലെ ജോർജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പ്രതിവര്‍ഷം പട്ടിക പുറത്തിറക്കുന്നത്. 2025- ലെ മാന്‍ ഓഫ് ദി ഇയര്‍ ആയി പ്രമുഖ ഫലസ്തീന്‍ അഭിഭാഷകൻ ഡോ. ഗസ്സാന്‍ സുലൈമാന്‍ അബുസിത്തയെയും വുമണ്‍ ഓഫ് ദി ഇയര്‍ ആയി ജോര്‍ദാന്‍ രാജ്ഞി റാനിയ അബ്ദുല്ലയെയുമാണ് തെരഞ്ഞെടുത്തത്.

ജോര്‍ദാന്‍ രാജ്ഞി റാനിയ അബ്ദുല്ല

 

യെമനിലെ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍, കേംബ്രിഡ്ജ് മുസ്‌ലിം കോളേജ് സ്ഥാപകന്‍ ശൈഖ് അബ്ദുല്‍ ഹകീം മുറാദ്, ഹമാസ് രാഷ്ട്രീയ കാര്യ മേധാവി യഹ്‌യ സിന്‍വാര്‍ എന്നിവരാണ് ആദ്യ അമ്പതില്‍ ഇടം പിടിച്ച പ്രമുഖര്‍.

2012 മുതല്‍ ഡോ. നദ്‌വി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ദയൂബന്ത് ദാറുല്‍ ഉലൂമിലെ മുഫ്തി അബുല്‍ ഖാസിം നുഅ്മാനി, കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാര്‍, സാക്കിര്‍ നായിക്, അസദുദ്ദീന്‍ ഉവൈസി, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി എന്നിവരടക്കം 25 പേര്‍ വിവിധ മേഖലകളിലായി ഇന്ത്യയില്‍ നിന്നും ഇടംനേടി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News