ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന വിദേശത്തേക്ക് കടക്കാൻ ശ്രമം: ബംഗ്ലദേശ് സ്വദേശികൾ പിടിയിൽ
ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് ഗൾഫിലെ പല ജോലികൾക്കും വേണ്ടത്ര പരിഗണന ലഭിക്കാറില്ലാത്തതിനാലാണ് ഇവരെ ഇന്ത്യാക്കാരെന്ന വ്യാജേന ഗൾഫിലേക്ക് എത്തിക്കുന്നത്
കൊച്ചി: ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന പാസ്പോർട്ട് തരപ്പെടുത്തി വിദേശത്തേക്ക് കടക്കാനെത്തിയ നാല് ബംഗ്ലാദേശികളെ കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ വിമാനത്തിൽ പോകാനെത്തിയ സമീർ റോയ്, റോയ് അരു, റോയ് അനികത് , നിമൈദാസ് എന്നിവരാണ് പിടിയിലായത്. മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ സ്വദേശികളെന്ന വ്യാജേനയാണ് ഇവർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.
ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് ഗൾഫിലെ പല ജോലികൾക്കും വേണ്ടത്ര പരിഗണന ലഭിക്കാറില്ല. ഇതേത്തുടർന്നാണ് ഇവരെ ഇന്ത്യയിലെത്തിച്ച് ഇന്ത്യാക്കാരെന്ന വ്യാജേന ഗൾഫിലേക്ക് എത്തിക്കുന്നത്. ഇതിനു പിന്നിൽ വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എമിഗ്രേഷൻ വിഭാഗം കരുതുന്നത്. നെടുമ്പാശേരി പൊലീസിന് കൈമാറിയ നാല് പേരെയും ജില്ലാ ക്രൈംബ്രാഞ്ച് കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.