'മലയാള സിനിമയുടെ ഗർഭം പേറിയത് ദലിത് സ്ത്രീയാണ്'; പി.കെ റോസിയുടെ ജീവിതം പ്രമേയമായ ഡോക്യുമെന്‍ററിയുമായി ബിബിസി
മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു രാജമ്മ എന്ന പി.കെ റോസി


കൊച്ചി: മലയാളസിനിമയിലെ ആദ്യ നായിക പി.കെ.റോസിയെക്കുറിച്ച് ബിബിസി ഡോക്യുമെന്ററി. 'പി.കെ റോസി: ഇന്ത്യാസ് ഫസ്റ്റ് ദലിത് ഹീറോയിൻ' എന്ന പേരിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. ബിമൽ തങ്കച്ചൻ എന്ന ബിബിസി മാധ്യമപ്രവർത്തകനാണ് 6 മിനിട്ടുള്ള ഡോക്യുമെന്ററി തയ്യാറാക്കിയത്. തിരക്കഥാകൃത്ത് വിനു എബ്രഹാം, ബീന പോൾ, പികെ റോസിയുടെ ബന്ധു തുടങ്ങിയവർ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. പകുതിയോളം മലയാളത്തിലാണ് ഡോക്യുമെന്ററി.
മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു രാജമ്മ എന്ന പി.കെ റോസി. പുലയ വിഭാഗത്തിൽ പെട്ട റോസിയെ നാടകങ്ങളിലെ പ്രകടനങ്ങൾ കണ്ടാണ് സംവിധായകനായ ജെ.സി. ഡാനിയേൽ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. എന്നാൽ ജാതിവിവേചനം കൊടികുത്തി വാണിരുന്ന, സ്ത്രീകൾ പൊതുവേ അഭിനയരംഗത്തേക്ക് കടന്നുവരാത്ത ഒരു കാലഘട്ടത്തിൽ റോസിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ദുരിതങ്ങളായിരുന്നു.
റോസിയെ ആളുകൾ പരസ്യമായി ആക്ഷേപിക്കുകയും അവരുടെ വീടിനു തീയിടുകയും ചെയ്തു. തുടർന്ന് തമിഴ്നാട്ടിലേക്കു നാടുവിടേണ്ടി വന്ന റോസി പിന്നീട് രാജമ്മാൾ എന്ന പേര് സ്വീകരിച്ച് അവിടെ ജീവിക്കുകയായിരുന്നു. 1975 ലാണ് റോസി അന്തരിച്ചത്. ഈ ചരിത്രമാണ് ഡോക്യുമെറ്ററിയിലൂടെ പറഞ്ഞു വെക്കുന്നത്. മലയാള സിനിമയുടെ ഗർഭം പേറിയത് ദലിത് സ്ത്രീയാണെന്ന് ഡോക്യുമെന്ററിയിൽ റോസിയുടെ അനന്തരവനായ ബിജു ഗോവിന്ദൻ പറയുന്നു. നൂറു വർഷം പിന്നിടുമ്പോഴും മലയാസിനിമ രംഗത്ത് വലിയ മാറ്റങ്ങൾ വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.