'എനിക്ക് അങ്ങ് നൽകിയത് രണ്ടാം ജന്മം'; ഹൃദയം പൊട്ടി ബെക്സ് കൃഷ്ണ, ഈറനണിഞ്ഞ് യൂസഫലി
2012 ൽ അബുദാബിയിൽ വച്ചു നടന്ന ഒരു കാർ അപകടമാണ് ബെക്‌സിന്റെ ജീവിതം കീഴ്‌മേൽ മറിച്ചത്
നെടുമ്പാശ്ശേരി: അന്യനാട്ടിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നാളുകളെണ്ണി കഴിഞ്ഞ ഒരു ഭൂതകാലമുണ്ട് തൃശൂർ സ്വദേശിയായ ബെക്‌സ് കൃഷ്ണയ്ക്ക്. മരണം പ്രതീക്ഷിച്ച് കഴിഞ്ഞ ആ കെട്ടകാലത്തിൽ നിന്ന് ജീവിതത്തിന്റെ നിറങ്ങളിലേക്ക് ബെക്‌സിനെ തിരികെയെത്തിച്ച ഒരു മനുഷ്യനും...
അദ്ദേഹത്തെ നേരിൽക്കണ്ട് നന്ദി പറയാനാണ് കേരളാ വിഷന്റെ 15ാം വാർഷികാഘോഷത്തിൽ ബെക്‌സ് എത്തിയത്. എന്നാൽ വാക്കുകൾ പറഞ്ഞ് മുഴുമിപ്പിക്കും മുമ്പ് ബെക്‌സിനെ ആ കൈകൾ കെട്ടിപ്പിടിച്ചു. എം.എ യൂസഫലി എന്ന മനുഷ്യന്റെ കാരുണ്യവും സഹാനുഭൂതിയും ഒരിക്കൽ കൂടി അറിയുകയായിരുന്നു ബെക്‌സ്.
കേരള വിഷൻ 15-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എത്തിയത്. സംഭാഷണമധ്യേ യൂസഫലിയെ നോക്കി എന്നെ ദൈവത്തെ പോലെ വന്ന് രക്ഷപെടുത്തി എന്ന് പറഞ്ഞ് മുഴുമിപ്പിക്കും മുമ്പ് യൂസഫലി ഇടപെട്ടു. താൻ ദൈവം നിയോഗിച്ച ഒരു ദൂതൻ മാത്രമാണെന്നായിരുന്നു ബെക്‌സിനോട് യൂസഫലിയുടെ മറുപടി. ജാതിയും മതവും ഒന്നു മല്ല മനുഷ്യ സ്നേഹമാണ് ഏറ്റവും വലുതെന്നും താൻ അതിലെ ഒരു നിമിത്തമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
2012 ൽ അബുദാബിയിൽ വച്ചു നടന്ന ഒരു കാർ അപകടമാണ് ബെക്‌സിന്റെ ജീവിതം കീഴ്‌മേൽ മറിച്ചത്. ജോലി സംബന്ധമായി മുസഫയിലേയ്ക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സിനെതിരായി കുറ്റപത്രം സമർപ്പിച്ചു.
സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ,കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
ഇതേതുടർന്ന് തകർന്നുപോയ കുടുംബം, ബന്ധു മുഖേനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയായിരുന്നു. നിരന്തര പരിശ്രമത്തിനൊടുവിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകി യൂസഫലി ബെക്‌സിനെ വധശിക്ഷയിൽ നിന്ന് മോചിപ്പിച്ചു. പിന്നീട് ബെക്സിനെ തൂക്ക് കയറിൽ നിന്ന് നാട്ടിലേക്ക് എത്തിക്കുന്നത് വരെ ലുലുഗ്രൂപ്പ് മേധാവിയുടെ ഇടപെടലുണ്ടായിരുന്നു.
തനിക്ക് രണ്ടാമത് ജീവിതം സമ്മാനിച്ച യൂസഫലിയെ നേരിട്ട് കാണണമെന്ന ബെസ്കിന്റെ ആഗ്രഹമാണ് നിറവേറിയത്. ബെക്സ് കൃഷ്ണന്റെ ഭാര്യ വീണ, മകൻ അദ്വൈത്, ഇളയമകളായ ഈശ്വര്യ എന്നിവരും യൂസഫലിയെ കണ്ടു നന്ദി അറിയിക്കാൻ എത്തിയിരുന്നു.
കേരള വിഷൻ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന പാവപ്പെട്ട ശിശുകൾക്കുള്ള ആദ്യ സമ്മാനം 'എന്റെ കൺമണിക്ക് ഒരു ഫസ്റ്റ് ഗിഫ്ഫ്റ്റ് ' കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ചടങ്ങിൽ എം.എ.യൂസഫലി നിർവഹിച്ചു. കേരള വിഷൻ എം.ഡി രാജ്മോഹൻ മാമ്പ്രയും ചടങ്ങിൽ സംബന്ധിച്ചു.