കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ മാഹിയിൽനിന്ന് മദ്യം കടത്തുന്നവരും നാഗർകോവിലിൽനിന്ന് അരി കടത്തുന്നവരുമുണ്ട്: ബിജു പ്രഭാകർ
പുരോഗമനപരമായി ആരു പറഞ്ഞാലും അതിനെയെടുത്ത് അറബിക്കടലിൽ കളയുന്നതാണ് സർവീസ് സംഘടനകളുടെ രീതിയെന്ന് ബിജു പ്രഭാകർ പറഞ്ഞു.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ഗുരുതര ആരോപണവുമായി എം.ഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ മാഹിയിൽനിന്ന് മദ്യം കടത്തുന്നവരും നാഗർകോവിലിൽനിന്ന് അരി കടത്തുന്നവരുമുണ്ടെന്ന് ബിജു പ്രഭാകർ പറഞ്ഞു. ഡ്രൈവർമാർ സ്വന്തമായി കൊറിയർ സർവീസും നടത്തുന്നുണ്ട്. അവർക്കാണ് കെ സ്വിഫ്റ്റ് വന്നതിൽ വലിയ വിഷമം. ബംഗളൂരുവിൽനിന്ന് സാധനം വാങ്ങി കച്ചവടം നടത്തുന്നവർക്ക് വിഷമം ഉണ്ടാകുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
നടപടിയെടുത്താൽ ഒരു പണിയും ചെയ്യില്ലെന്ന് തന്നെ ഭീഷണിപ്പെടുത്തി. ഇങ്ങനെ ഭീഷണിപ്പെടുത്തിയാൽ നഷ്ടം ആർക്കാണെന്ന് ജീവനക്കാർ ചിന്തിക്കണം. വണ്ടിയെ കെട്ടിപ്പിടിച്ചു കരയുന്ന ഷോ ഓഫിൽ താൻ വീണുപോയി. പണ്ടുണ്ടായിരുന്ന രീതിയിൽ മുന്നോട്ടുപോകാനാവില്ലെന്നും എം.ഡി മുന്നറിയിപ്പ് നൽകി.
തൊഴിലാളി യൂണിയനുകൾക്കെതിരെയും ബിജു പ്രഭാകർ വിമർശനമുന്നയിച്ചു. പുരോഗമനപരമായി ആരു പറഞ്ഞാലും അതിനെയെടുത്ത് അറബിക്കടലിൽ കളയുന്നതാണ് സർവീസ് സംഘടനകളുടെ രീതിയെന്ന് ബിജു പ്രഭാകർ പറഞ്ഞു. എന്ത് പുരോഗമനപരമായി പറഞ്ഞാലും അതിനെ ചിലർ കോടതിയിൽ ചോദ്യം ചെയ്യും. എന്നിട്ട് ശമ്പളം കിട്ടുന്നില്ലെന്ന് പരാതി പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.