മീഡിയവണ്‍ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണം; ബിനോയ് വിശ്വം എം.പി
മീഡിയവണ്‍ ചെയ്ത തെറ്റെന്താണ്, കുറ്റമെന്താണ്, അപരാധമെന്താണെന്നറിയാന്‍ ഈ നാടിന് അവകാശമുണ്ട്
മീഡിയവൺ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പ്രതികരണവുമായി ബിനോയ് വിശ്വം എം.പി.മീഡിയവണ്‍ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം വിശ്വം ആവശ്യപ്പെട്ടു.
മീഡിയവണ്‍ ചെയ്ത തെറ്റെന്താണ്, കുറ്റമെന്താണ്, അപരാധമെന്താണെന്നറിയാന്‍ ഈ നാടിന് അവകാശമുണ്ട്. എന്താണ് കാരണമെന്ന് പറയാതെ, അതിനെക്കുറിച്ച് ചോദ്യങ്ങളോ, ഉത്തരങ്ങളോ ഇല്ലാതെ കോടതി അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിലപാട് പറഞ്ഞാല്‍ വാസ്തവത്തില്‍ ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്ന, സ്നേഹിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്നതാണ്. മീഡിയവണ്‍ എന്ന മാധ്യമസ്ഥാപനം ശക്തമായ നിലപാടുള്ള സ്ഥാപനമാണ്. ആ നിലപാടിനോട് യോജിക്കാം, വിയോജിക്കാം. എല്ലാ ആശയങ്ങളോടും യോജിക്കാത്ത ആളാണ് ഞാന്‍. പക്ഷെ ഒരു പ്രൊഫഷണല്‍ സ്കില്‍ കാണിച്ചുകൊണ്ട് ഇതുവരെയുള്ള പ്രവര്‍ത്തനത്തെ മതിപ്പോടെ കാണുന്ന ഒരു കേരളീയനാണ് ഞാന്‍. ഈ മാധ്യമസ്ഥാപനത്തെ ഇങ്ങനെ മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് വിലക്ക് പ്രഖ്യാപിച്ച്, അതിന്‍റെ വായ മൂടിക്കെട്ടാനുള്ള നീക്കം എങ്ങനെയാണ് അംഗീകരിക്കാനാവുക. അതിന്‍റെ ഉത്തരം പറയേണ്ടത് ഗവണ്‍മെന്‍റാണ്.
ആ ചെയ്തിയെക്കുറിച്ചുള്ള ഹരജിയുമായി ചെല്ലുമ്പോള്‍ കോടതി കാണിക്കേണ്ടത് എന്താണ്? കോടതി അതിന്‍റെ അടിസ്ഥാന സമീപനങ്ങളില്‍ തീര്‍ച്ചയായും പുലര്‍ത്തേണ്ട ഒരു മൂല്യബോധമുണ്ട്. ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്സ്പ്രഷനെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 19ന്‍റെ ഭാഗമായി തന്നെയാണ് പത്രസ്വാതന്ത്ര്യമുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.