'രാഷ്ട്രീയ പാർട്ടി ക്രൈസ്തവ സഭയ്ക്ക് അന്യമാണെന്ന് ആരും കരുതേണ്ട'; തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി
ഫിക്സഡ് ഡിപ്പോസിറ്റ് ആയി ആരും ഞങ്ങളെ കാണണ്ടായെന്നും ബിഷപ്പ്
കോഴിക്കോട്: രാഷ്ട്രീയ പാർട്ടി ക്രൈസ്തവ സഭയ്ക്ക് അന്യമാണെന്ന് ആരും കരുതേണ്ടെന്ന് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. ഫിക്സഡ് ഡിപ്പോസിറ്റ് ആയി ആരും ഞങ്ങളെ കാണണ്ടായെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. വഖഫ് നിയമത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളും അപകടത്തിൽ പെടുന്നു. മുനമ്പം നിവാസികൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അഭിപ്രായം കേൾക്കരുത് എന്നും പാംപ്ലാനി പറഞ്ഞു.
ബില്ലിനെ അനുകൂലിക്കാൻ പറഞ്ഞത് ഒരു രാഷ്ട്രീയ പാർട്ടിയോടുമുള്ള അനുകൂല നിലപാടല്ല എന്നും രാഷ്ട്രീയ മുതലെടുപ്പിന് ആരും ഉപയോഗിക്കണ്ട എന്നും പ്രതികരണം. നേരത്തെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് കത്തോലിക്ക സഭ സൂചന നൽകിയിരുന്നു.
അവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ട സാഹചര്യമാണെന്ന് താമരശ്ശേരി ബിഷപ് റമജനിയോസ് ഇഞ്ചനാനിയേൽ പറഞ്ഞു. വന്യമൃഗ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയപാർട്ടികൾ നീതി കാണിക്കുന്നില്ല. അവകാശപോരാട്ടങ്ങൾ ഉയരുമ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകുന്നതെന്നും ബിഷപ്പ് ഇഞ്ചനാനിയേൽ മീഡിയവണിനോട് പറഞ്ഞു.
ജബൽപൂരിൽ വൈദികന്റെ മുഖത്തേറ്റ അടി മതേതരത്വത്തിന്റെ തിരുമുഖത്താണ് ഏറ്റതെന്ന് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു. അതിനെ കയ്യടിച്ച് പിന്തുണച്ചത് പോലീസാണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.