കൊടകര കേസ് ബിജെപിയും സർക്കാറും ചേര്‍ന്ന് ഒത്തുതീർപ്പാക്കി: രമേശ് ചെന്നിത്തല
ബിജെപി കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുകയാണ്
കൊടകര കേസ് ബിജെപിയും സർക്കാറും ഒത്തുതീർപ്പാക്കിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി നേതാക്കളെ കേസിൽ നിന്നും ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിപിഎമ്മും ബിജെപിയും ധാരണയുണ്ടാക്കിയതാണെന്നും ചെന്നിത്തല ആരോപിച്ചു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന നീക്കമാണുണ്ടായതെന്നും ചെന്നിത്തല വിമർശിച്ചു.
ബിജെപി കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുകയാണ്. 22 പ്രതികളോളം കേസിലുണ്ടാകുമെന്നും ബിജെപി നേതാക്കള്‍ കേസില്‍ പ്രതികളാവില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്ത് വരുന്നു. കൊടകര ബിജെപി കുഴല്‍പണക്കേസിനെ കേവലം ഒരു കവര്‍ച്ചാ കേസായി മാത്രം ഒതുക്കുന്നു എന്ന വിമര്‍ശനവും ചെന്നിത്തല ആരോപിച്ചു. 69 മണ്ഡലങ്ങളില്‍ ബിജെപി സിപിഎം ധാരണയുണ്ടായിരുന്നതായി പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്ത് താന്‍ ആരോപിച്ചിരുന്നെന്നും അതിന്‍റെ തുടര്‍ച്ചയാണ് ഈ അന്വേഷണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.