'ഇതൊക്കെ നരേന്ദ്രമോദിയുടെ വീട്ടിൽ കൊണ്ടുപോയി പുഴുങ്ങാൻ വച്ചിരിക്കുകയാണ് എന്നാണ് നിങ്ങളുടെ ധാരണ'; ഇന്ധനവിലയെ കുറിച്ചുള്ള ചോദ്യങ്ങളോട് കയർത്ത് ബിജെപി നേതാവ്

"കേരളത്തിന്റെ മുഴുവൻ ആളുകൾക്കും സൗജന്യ അരി ലഭിക്കുന്നുണ്ടല്ലോ. അത് മീഡിയവണിനും കിട്ടുന്നുണ്ടല്ലോ. അതെവിടുന്നാ, നരേന്ദ്രമോദിയുടെ ആകാശത്തു നിന്നു കൊണ്ടുവരുന്നതോ"

Update: 2021-10-10 06:27 GMT
Editor : abs | By : Web Desk
Advertising

ഇന്ധനവില വർധനയെ കുറിച്ചുള്ള ചോദ്യങ്ങളോട് കയർത്ത് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. മീഡിയവണാണെന്നു കരുതി വായിൽ തോന്നുന്നത് ചോദിക്കരുതെന്നും സംസ്ഥാനങ്ങളാണ് വില വർധനയ്ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മീഡിയാവൺ സീറോ അവറിൽ സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണൻ.

ഇന്ധനവില വർധിച്ചെങ്കിലും മറ്റു സാധനങ്ങളുടെ വില നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം കുറഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'ഒരു വസ്തുവിന്റെ വില കൂടുന്നതും അംഗീകരിക്കാനാകില്ല. പണപ്പെരുപ്പം 1947 മുതൽ ഉള്ളതാണ്. മൻമോഹൻ സിങ്ങിൽ നിന്ന് നരേന്ദ്രമോദി ഭരണം ഏറ്റെടുക്കുമ്പോൾ 10.8 ശതമാനമാണ് പണപ്പെരുപ്പം. ഇപ്പോളത് 5.3 ശതമാനമാണ്. നരേന്ദ്രമോദി അധികാരത്തിൽ വന്ന ശേഷം സാധനങ്ങളുടെ വില കുറയുകയാണ് ചെയ്തത്. എന്നാൽ അതേസമയം, ഇന്ധന വില കൂടി എന്നത് യാഥാർത്ഥ്യമാണ്. അത് കുറയണം എങ്കിൽ നികുതി കുറയണം.' - ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇന്ധനവില ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവന്നാലേ വില കുറയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'വില കുറയ്ക്കാൻ ഏകീകൃതമായ നികുതി സംവിധാനം കൊണ്ടുവരണം. ഈ ചോദ്യങ്ങൾ ചോദിക്കേണ്ടത് കേരളത്തിന്റെ ധനമന്ത്രി ബാലഗോപാലിനോടാണ്. അയാൾക്ക് നാലായിരം കോടി കേരളത്തിന്റെ കാര്യങ്ങൾക്ക് വേണം. ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തരുത് എന്നാവശ്യപ്പെട്ടത് ബി ഗോപാലകൃഷ്ണനല്ല, ബാലഗോപാലാണ്. നമ്മൾ കേരളത്തിലാണ് താമസിക്കുന്നത്. ബാലഗോപാലിനോട് ആദ്യം ചോദിക്കൂ.' - അദ്ദേഹം ആവശ്യപ്പെട്ടു.

ചോദ്യങ്ങൾക്ക് ഉത്തരമായി കേന്ദ്രം സൗജന്യ അരി നൽകുന്ന കാര്യവും ബിജെപി നേതാവ് പരാമർശിച്ചു. 'കേരളത്തിന്റെ മുഴുവൻ ആളുകൾക്കും സൗജന്യ അരി ലഭിക്കുന്നുണ്ടല്ലോ. അത് മീഡിയവണിനും കിട്ടുന്നുണ്ടല്ലോ. അതെവിടുന്നാ, നരേന്ദ്രമോദിയുടെ ആകാശത്തു നിന്നു കൊണ്ടുവരുന്നതോ, സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കണം. നരേന്ദ്രമോദി വരുന്നതിന് മുമ്പ് ഇന്ത്യയിൽ ധാരാളം ധനമന്ത്രിമാരും പ്രധാനമന്ത്രിമാരുമുണ്ടായിരുന്നു. അവരൊക്കെ കോടിക്കണക്കിന് രൂപ അഴിമതി നടത്തിയിട്ടാണ് പോയത്. അഴിമതിയുടെ കറയില്ലാത്ത ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.' - അദ്ദേഹം പറഞ്ഞു. 

'ജിഎസ്ടി വിഷയത്തിൽ ഇന്ത്യയിലെ മുഴുവൻ ധനമന്ത്രിമാരെയും സ്വാധീനിച്ചത് കേരളത്തിലെ ബാലഗോപാലാണ്. നികുതി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ വാങ്ങിക്കുന്നു. നിങ്ങൾ ധനമന്ത്രിയെ സംരക്ഷിക്കുകയാണ്. എല്ലാം കേന്ദ്രം അടിച്ചുകൊണ്ടു പോകുകയാണ് എന്നാണല്ലോ നിങ്ങൾ പറയുന്നത്. നരേന്ദ്രമോദിയുടെ വീട്ടിൽ കൊണ്ടുപോയി പുഴുങ്ങാൻ വച്ചിരിക്കുകയാണ് എന്നാണ് നിങ്ങളുടെ ധാരണ. കേന്ദ്രം നികുതി എടുക്കുന്നുണ്ടെങ്കിൽ അതിന് ഓരോ കാര്യമുണ്ട്. ഇന്ധനത്തിന് വില കൂടാൻ പാടില്ല എന്ന് വാദിക്കുന്നവരാണ് ഞങ്ങൾ. അതുകൊണ്ടാണ് ഞങ്ങളുടെ സമ്മർദത്തിന് വഴങ്ങി ഇന്ധനവില ജിഎസ്ടിയിൽ ഇടാം എന്ന തീരുമാനമെടുത്തത്.' - അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News