'കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധിപ്പിക്കും, അനധികൃത നിർമാണത്തിന് മൂന്നിരട്ടി നികുതി'- എംബി രാജേഷ്
കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനിർമാണ പെർമിറ്റ് ഫീസിൽ വർധന വരുത്തുമെന്ന് തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ്. നിരക്ക് പിന്നീട് നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കാലാനുസൃതമായി വർധിപ്പിച്ചിട്ടില്ല, സേവനങ്ങൾ വേഗത്തിലും സുഗമമായും ലഭ്യമാക്കുന്നതിനായി ന്യായമായ ഫീസ് ആയിരിക്കും ഈടാക്കുകയെന്ന്് മന്ത്രി പറഞ്ഞു.
ഏപ്രിൽ ഒന്നുമുതൽ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തുനികുതി അഞ്ച് ശതമാനം വർധിപ്പിക്കാനുള്ള നിയമഭേദഗതി ഇതിനകം നിയമസഭ പാസാക്കിയിട്ടുണ്ട്. അടുത്ത വർഷം മുതൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് പുതിയ നിരക്കുകൾ ബാധകമായിരിക്കും. ഇതോടൊപ്പം അർഹതപ്പെട്ടവർക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റർ വരെ ബി.പി.എൽ. വിഭാഗങ്ങൾക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് വസ്തുനികുതി അടയ്ക്കേണ്ടതില്ല. ഈ ഇളവ് ഫ്ളാറ്റുകൾക്ക് ബാധകമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നികുതി ചോർച്ച തടയുന്നതിനും ഓരോ കെട്ടിടത്തിനും വരുത്തിയിട്ടുള്ള മാറ്റങ്ങൾ കണ്ടെത്തുന്നതിനും വിപുലമായ പരിശോധന നടത്തും. ജിഐഎസ് അധിഷ്ഠിത മാപ്പിങ്ങിലൂടെ എല്ലാ കെട്ടിട നിർമാണങ്ങളും കൃത്യമായി കണ്ടെത്തി 100% നികുതി പിരിവ് സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഐഎംകെയുടെ സഹായത്തോടെ നടപ്പാക്കും. ഇതനുസരിച്ച് നികുതി പുതുക്കി നിശ്ചയിക്കും. അനധികൃത നിർമ്മാണം പരിശോധനയിൽ കണ്ടെത്തിയാൽ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും, നടപടിയും സ്വീകരിക്കും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തദ്ദേശ വകുപ്പിലെ സ്ഥലം മാറ്റം മാനദണ്ഡപ്രകാരം ഓൺലൈൻ മുഖേന മാത്രമാക്കും. ഏപ്രിൽ 30നു മുൻപ് സ്ഥലം മാറ്റം നടപ്പാക്കും. ത്രിതല പഞ്ചായ്ത്തുകൾക്കും നഗരസഭകൾക്കും ഇടയിൽ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റും.
സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കെട്ടിട നിർമ്മാണ പെർമിറ്റ് വൈകുന്നു എന്ന പരാതിയുണ്ട്. ലോ റിസ്‌ക് കാറ്റഗറിയിലെ ഫിസിക്കൽ വേരിഫിക്കേഷൻ നഗരങ്ങളിൽ ഒഴിവാക്കും. 2023 ഏപ്രിൽ ഒന്ന് മുതൽ ഇത് നടുപ്പാക്കും ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ അന്ന് തന്നെ പെർമിഷൻ ലഭിക്കും 300 സ്വകയർ മീറ്റർ വരെയാണ് ലോറിസ്‌ക്. സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതി. സിസ്റ്റം ജെനറേറ്റഡ് പെർമിറ്റ് ആണ് നൽകുന്നത്.- മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദിപ്പിക്കാൻ ഓൺലൈൻ സേവനങ്ങൾ സംബന്ധിച്ച് ജൂൺ മുതൽ പരിശീലനം ആരംഭിക്കും. തദ്ദേശ വകുപ്പിലെ എൻജിനീയറിങ് വിഭാഗത്തെ മെച്ചപ്പെടുത്താൻ ഗുണനിലവാര പരിശോധനാ സംവിധാനം ഏർപ്പെടുത്തും. ഗുണനിലവാര പരിശോധനാ ലാബുകൾ, സാങ്കേതിക ഉപദേശക സംവിധാനം, ഡിസൈനിങ് വിഭാഗം എന്നിവ ഉൾപ്പെടുന്നതാകും ഗുണനിലവാര പരിശോധനാ സംവിധാനം.തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമയുടെ അടിസ്ഥാനത്തിൽ റേറ്റിങ് ഏർപ്പെടുത്തും.