നമസ്‌കാര സമയത്ത് പള്ളിക്കുള്ളിൽ കയറി മോഷണം; പ്രാർത്ഥനയ്ക്ക് എത്തിയ ആളുടെ ബാഗും കവർന്നു
പള്ളിയധികൃതരുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Update: 2023-06-17 03:26 GMT


ഇടുക്കി: ഇടുക്കി തൊടുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ മോഷണം. രാത്രി നമസ്കാര സമയത്ത് പള്ളിക്കുള്ളിൽ കയറിയ മോഷ്ടാവ് പണവും , പ്രാർത്ഥനയ്ക്ക് എത്തിയ ആളുടെ ബാഗും കവർന്നു. പള്ളിയധികൃതരുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. ഇശാ നമസ്കാര സമയത്ത് പള്ളിയുടെ ഒന്നാം നിലയിൽ കടന്ന മോഷ്ടാവ് അസിസ്റ്റന്റ് ഇമാം ഹാഫിസ് അബ്ദുൽ റഹിമിന്റെ മുറിയിൽ നിന്ന് 18500 രൂപയും മൊബൈൽ ഫോണും കവർന്നു. പള്ളിയിലെത്തിയ തൊടുപുഴയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരൻ അമീനിന്റെ ബാഗും നഷ്ടപ്പെട്ടു. ഇതോടെ പള്ളി പരിപാലന സമിതി പോലീസിൽ പരാതി നൽകി.