എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു
ബസില്‍ ഓടിക്കയറിയ പ്രതി ആക്രമണശേഷം ഇറങ്ങിയോടി
Update: 2024-08-31 11:32 GMT


എറണാകുളം: കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ബസില്‍ ഓടിക്കയറിയ പ്രതി ആക്രമണശേഷം ഇറങ്ങിയോടി.
ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ കളിയാക്കിയതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് സമീപവാസികൾ പറയുന്നത്. എറണാകുളത്ത് നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന ഹിദായത്ത് ബസിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ട അനീഷ്. എച്ച്.എം.ടി ജങ്ഷനിൽ നിന്ന് എൻ.എ.ഡിയിലേക്ക് പോകുന്ന വഴിയിൽ വെച്ചായിരുന്നു സംഭവം.
ബസിന്റെ മുൻ വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച കൊലപാതകി കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കമുള്ളവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.