നായ്ക്കളുടെ ആക്രമണത്തിൽനിന്ന് സ്ത്രീയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസ്; വിമർശവുമായി എംകെ മുനീർ
പട്ടിയുടെ ഉടമയായ റോഷനെതിരെ കേസെടുത്തിരുന്നെങ്കിലും നിസാരവകുപ്പ് മാത്രമാണ് ചുമത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു
കോഴിക്കോട് അമ്പായത്തോട്ടിൽ നായ്ക്കളുടെ ആക്രമണത്തിൽനിന്ന് യുവതിയെ രക്ഷിച്ചാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിനെതിരെ വിമർശവുമായി സ്ഥലം എംഎൽഎ ഡോ. എംകെ മുനീർ. രക്ഷകരായവർക്കെതിരെ കേസെടുത്തതിലൂടെ പൊലീസ് എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് വ്യക്തമാക്കണം. ആ സ്ത്രീയെ മരണത്തിനു വിട്ടുകൊടുക്കണമെന്നാണോ പൊലീസ് പറയുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ മുനീർ ചോദിച്ചു.
വിവരം അറിഞ്ഞ ഉടൻ പൊലീസുമായി ബന്ധപ്പെട്ട് നാട്ടുകാർക്കെതിരെ എടുത്തിട്ടുള്ള കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. നായയുടെ ഉടമസ്ഥനെതിരെ ശക്തമായ രീതിയിൽ കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാമെന്ന് ഡിവൈഎസ്പി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുനീർ പറഞ്ഞു.
ഇന്നലെയാണ് മദ്രസയിൽനിന്ന് വരുന്ന കുട്ടികളെ കാത്തിരുന്ന യുവതിയെ വളർത്തുനായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്. റോഷൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള നായ്ക്കളായിരുന്നു ഇത്. എന്നാൽ, നായ്ക്കളുടെ ആക്രമണത്തിൽനിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തു. പട്ടിയുടെ ഉടമയെ ആക്രമിച്ചുവെന്നാരോപിച്ചാണ് ഇരുപതോളം പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തത്.
അതേസമയം, പട്ടിയുടെ ഉടമയായ റോഷൻ വടിവാളും തോക്കുമായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിനുശേഷം പൊലീസ് റോഷനെതിരെ കേസെടുത്തിരുന്നെങ്കിലും നിസാരവകുപ്പ് മാത്രമാണ് ചുമത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.