ഫോൺ ചോർത്തൽ: പി.വി അൻവറിനെതിരെ കേസ്
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്
കോട്ടയം: ഫോൺ ചോർത്തിയ സംഭവത്തിൽ പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുത്തു. കോട്ടയം കറുകച്ചാൽ പൊലീസാണ് കേസെടുത്തത്. ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി.
കറുകച്ചാൽ സ്വദേശിയായ പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയെന്നും എഫ്ഐആറിലുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവരശേഖരണം നടന്നിരുന്നു. സിപിഎമ്മുമായുള്ള ബന്ധം അവസാനിച്ചശേഷമാണ് പി.വി അൻവറിനെതിരെ കേസെടുക്കുന്നത്. അതേസമയം, സംഭവത്തിൽ രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്.
ഫോൺ ചോർത്തലിൽ പൊലീസ് കേസെടുത്തോട്ടെയെന്ന് പി.വി അൻവർ എംഎൽഎ പ്രതികരിച്ചു. കേസ് വരുമെന്ന് മുൻകൂട്ടി കണ്ടതാണ്. നിലമ്പൂരിൽ നടക്കുന്ന പൊതുയോഗത്തിൽ കൂടുതൽ കാര്യങ്ങൾ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം മുൻ എസ്പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണമടക്കം പി.വി അൻവർ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സുജിത് ദാസിനെ സർക്കാർ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
അതേസമയം, മന്ത്രിമാരുടെയടക്കം ഫോണുകൾ എഡിജിപിയുടെ നേതൃത്വത്തിൽ പൊലീസ് ചോർത്തുന്നുണ്ടെന്ന് പി.വി അൻവർ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.