വ്യാജ സീലും ഇടപാടുകാരുടെ വ്യാജ ഒപ്പും ഉള്‍പ്പെടുത്തി വ്യാജ രേഖ നിർമ്മിച്ചു; ഗോകുലം ഗോപാലനെതിരെ കേസ്

തെറ്റായ ആരോപണത്തിന്റ അടിസ്ഥാനത്തിലാണ് പരാതിയെന്ന് ഗോകുലം ഗോപാലന്‍

Update: 2025-01-19 15:18 GMT
Editor : സനു ഹദീബ | By : Web Desk
Advertising

കോഴിക്കോട്: തമിഴ്നാട് ചിറ്റ് രജിസ്ട്രാറുടെ വ്യാജ സീലും ഇടപാടുകാരുടെ വ്യാജ ഒപ്പും ഉള്‍പ്പെടുത്തി വ്യാജ രേഖ നിർമിച്ചതിന് ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലനെതിരെ കേസ്. പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന് തുടർന്നാണ് കേസെടുത്തത്. പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ബഷീറിന്റെ പരാതിയിലാണ് കേസ്. തെറ്റായ ആരോപണത്തിന്റ അടിസ്ഥാനത്തിലാണ് പരാതിയെന്ന് ഗോകുലം ഗോപാലന്‍ പ്രതികരിച്ചു.

മുഹമ്മദ് ബഷീർ കക്ഷിയായ ചിട്ടി കേസില്‍ തമിഴ്നാട് ആർബിട്രേഷന്‍ കോടതിയില്‍ ഗോകുലം ചിറ്റ് ഹാജരാക്കിയ തമിഴ്നാട് ചിറ്റ് രജിസ്ട്രാറുടെ സീലാണിത്. ഇത് വ്യാജമാണെന്ന പരാതിയിലാണ് പെരിന്തല്‍മണ്ണ പൊലീസ് ഗോകുലം ഗോപാലനെ ഒന്നാം പ്രതിയാക്കി ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇടപാടുകാരനായ മുഹമ്മദ് ബഷീറിന്റെയും മറ്റൊരാളുടെ ഒപ്പും വ്യാജമായി ഇട്ട് മറ്റൊരു രേഖയും സമർപ്പിച്ചിട്ടുണ്ട്. ഗോകുലം ഗോപാലന്‍ ഒന്നാം പ്രതിയും ഭാര്യയടക്കം മറ്റു 10 ഡയറ്കർമാരും ജീവനക്കാരനും കൂട്ടുപ്രതികളാണ്. വ്യാജ രേഖ നിർമാണം അടക്കം ഐ പി സിയിലെ അനുബന്ധ വകുപ്പുകളും ചിട്ടി നിയമത്തിലെ 76,79 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

വ്യാജ രേഖകളുടെ പകർപ്പടക്കം കഴിഞ്ഞ ആഗസ്റ്റില്‍ പെരിന്തല്‍മണ്ണ പൊലീസില്‍ മുഹമ്മദ് ബഷീർ പരാതി നല്കിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നാലെ മലപ്പുറം എസ്പി ക്ക് പരാതി നല്കിയിട്ടും ഫലമുണ്ടായില്ല. ഇതിനെ തുടർന്നാണ് പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതിയെ പരാതിക്കാരന്‍ സമീപിച്ചത്. പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗോകുലന്‍ ഗോപാലന്‍ അറിയിച്ചു. ഗോകുലം ചിട്ടിയില്‍ ചേർന്ന് ചിട്ടിപിടിച്ച ശേഷം കാശടക്കാത്തതിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് പരാതിക്കാരനെന്ന് ഗോകുലം ഗോപാലന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News