ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി താത്കാലികമായി റദ്ദാക്കി
വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്ന നിലപാടിനെതുടര്‍ന്നാണ് നടപടി


കോഴിക്കോട്:കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി താത്കാലികമായി റദ്ദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്ന നിലപാടിനെ തുടർന്നാണ് സർക്കാർ നടപടി. ഓണററി പദവി പഞ്ചായത്ത് സെക്രട്ടറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ഒരുപാട് നാളുകളായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം വന്യജീവി ആക്രമണമാണെന്നും കര്‍ഷകര്‍ക്ക് അവരുടെ ഉപജീവന പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ.സുനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണസമിതിയോഗം ചേര്‍ന്ന് ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ച് കൊല്ലാന്‍ ഷൂട്ടേഴ്‌സ് പാനലിന് നിര്‍ദേശം നല്‍കിയത്'- കെ.സുനിൽ പറഞ്ഞു.എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു.
അതേസമയം, തനിക്കെതിരായ വിമർശനത്തിൽ താമരശേരി ബിഷപ്പിന് മറുപടിയുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ രംഗത്തെത്തി.പദവിക്ക് യോജിക്കുന്ന പ്രസ്താവനകളാണോയെന്ന് പറയുന്നവർ വിലയിരുത്തണം.സംസ്ഥാന സർക്കാരിനെതിരെ മാത്രമേ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാകുന്നു.മന്ത്രിയെന്ന പദവിയെ ബഹുമാനിച്ചു കൊണ്ടുള്ള പ്രതികരണമേ എൻ്റെ ഭാഗത്ത് നിന്നുണ്ടാകൂ എന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.