'പിതാവിനേക്കാളും സ്പീഡാ മകന്...'; ഒന്നൊന്നര ഓട്ടമോടി വോട്ടുതേടി ചാണ്ടി ഉമ്മൻ, കൂടെ ഓടാൻ പ്രയാസപ്പെട്ട് അണികൾ
എന്നും എന്റെ പ്രവർത്തനം ഇങ്ങനെയായിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു
കോട്ടയം: കോട്ടയം പുതുപ്പള്ളിയിലെങ്ങും ഉപതെരഞ്ഞെടുപ്പിന്റെ ചർച്ചയും വർത്തമാനങ്ങളുമാണ്. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെയായിരുന്നു സ്ഥാനാർഥി. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയിരുന്നു.
ചാണ്ടി ഉമ്മൻ ഓരോ വീട്ടിലും വോട്ട് തേടി അടുത്ത വീട്ടിലേക്ക് പോകുന്നത് വളരെ വേഗത്തിലാണ്. ചാണ്ടിഉമ്മന്റെ തെരഞ്ഞെടുപ്പ് പര്യടന രീതികൾ പലപ്പോഴും ഉമ്മൻചാണ്ടിയെ ഓർമ്മിപ്പിക്കുന്നതാണെന്ന് പൊതുവെ അണികള്‍ക്കിടയിലെ സംസാരം. 'ഉമ്മൻചാണ്ടിയുടെ പിന്നാലെ ഓടിയെത്താൻ ഞങ്ങൾ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. പിതാവിനെപ്പോലെ തന്നെയാണ് മകനും...ഓട്ടം തന്നെ ഓട്ടം...'..ചാണ്ടി ഉമ്മനൊപ്പം പ്രചാരണത്തിനിറങ്ങിയ അണികളിലൊരാൾ മീഡിയവണിനോട് പറഞ്ഞു.
2000ൽ മുതൽ ഞാൻ ഇങ്ങനെയാണെന്ന് ചാണ്ടി ഉമ്മനും പറയുന്നു. കുടുംബത്തിൽ വന്ന അനുഭവമാണ്. എല്ലാവരെയും അടുത്തറിയുന്നവരാണ് പുതുപ്പള്ളിയിലുള്ളവർ. 2014 ൽ അപ്പ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഒരുമിച്ച് പ്രചാരണത്തിന് എത്തിയത്. അതല്ലാതെ ഒറ്റക്കാണ് ഇവിടെ എത്തിയത്. എന്നും എന്റെ പ്രവർത്തനം ഇങ്ങനെയായിരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മുപ്പതാം ചരമ ദിനമായ ഇന്ന് പുതുപ്പള്ളി പള്ളിയിലെ ചടങ്ങുകൾക്ക് ശേഷമാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പര്യടനം ആരംഭിച്ചത്. പുതുപ്പള്ളി, മീനടം പഞ്ചായത്തുകളിലെ വീടുകളിൽ നേരിട്ടത്തി സ്ഥാനാർഥി വോട്ട് തേടി. പ്രചാരണരംഗത്തെ ഈ വേഗക്കുതിപ്പ് വോട്ടെണ്ണും വരെ നിലനിർത്താനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ചാണ്ടി ഉമ്മനും യു.ഡി.എഫും.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു .വരണാധികാരിയായ കോട്ടയം ആർ ഡി ഒ ക്ക് മുന്നിലാണ് ജെയ്ക്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചത്.