ദൃശ്യം മോഡൽ കൊലയ്ക്ക് കാരണം പ്രതിയുടെ സംശയം; റിമാൻഡ് റിപ്പോർട്ട്
രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തി.
കോട്ടയം: ചങ്ങാനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിന് കാരണം പ്രതി മുത്തുകുമാറിന്റെ സംശയമെന്ന് റിമാൻഡ് റിപ്പോർട്ട്. കൊല്ലപ്പെട്ട ബിന്ദുമോൻ തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് മുത്തുകുമാറിന് സംശയമുണ്ടായിരുന്നു.
ബിന്ദുമോനെ വീട്ടിൽ വിളിച്ചുവരുത്തി ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് കൊല നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. മുത്തുകുമാർ, രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തി.
മൃതദേഹം കുഴിച്ചിടുന്നതിനും ബൈക്ക് തോട്ടിൽ ഉപേക്ഷിക്കുന്നതിനും രണ്ടും മൂന്നും പ്രതികൾ മുത്തുകുമാറിനെ സഹായിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസമാണ് ആലപ്പുഴ ആര്യാട് മൂന്നാം വാർഡ് കിഴക്കേവെളിയിൽ പുരുഷന്റെ മകൻ ബിന്ദുകുമാറി (ബിനുമോൻ-45)ന്റെ മൃതദേഹം ചങ്ങനാശേരി എ.സി കോളനിയിലെ വീട്ടിൽ കണ്ടെത്തിയത്. മുറിയുടെ തറ തുരന്ന് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിൽ എ.സി കോളനി അഖിൽ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന സൗത്ത് ആര്യാട് അവലൂകുന്ന് മറ്റത്തിൽ കോളനി മുത്തുകുമാറി (53)നെ ആലപ്പുഴ നോർത്ത് പൊലീസാണ് പിടികൂടിയത്.
ബിന്ദുകുമാറിന്റെ ബൈക്ക് വാകത്താനത്തെ തോട്ടിൽ ഉപേക്ഷിക്കാനും കൊലപാതകത്തിനുശേഷം കുഴിയെടുത്ത് മൃതദേഹം മറവു ചെയ്യാനും കൂട്ടുപ്രതികളായ ബിബിന്റെയും ബിനോയിയുടെയും സഹായം കിട്ടിയെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞിരുന്നു.
സെപ്തംബർ 26 മുതലാണ് ബിന്ദുകുമാറിനെ വീട്ടിൽ നിന്ന് കാണാതായത്. ഇതിൽ കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ ഒളിവിൽ പോയ മുത്തുകുമാർ നോർത്ത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അവസാനം ഫോൺ വിളിച്ചവരിലേക്ക് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
കൊലപാതകം നടത്തിയശേഷം കോയമ്പത്തൂരിലേക്ക് കടന്ന മുത്തുകുമാർ ആലപ്പുഴയിൽ തിരിച്ചെത്തുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ് നടത്തിയ നീക്കമാണ് വിജയിച്ചത്. പ്രതിയുടെ ബന്ധുക്കൾ താമസിക്കുന്ന കലവൂർ ഐ.ടി.സി കോളനി കേന്ദ്രീകരിച്ച് നിരീക്ഷണവുമുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചയാണ് മുത്തുകുമാർ കോളനിയിലെത്തിയത്. ഇത് തിരിച്ചറിഞ്ഞ കോളനിക്കാർ വിവരം പൊലീസിന് കൈമാറിയതോടെയാണ് പിടിയിലായത്.