കടമ്പ്രയാറിൽ മാലിന്യം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു; സാമ്പിളുകൾ ശേഖരിച്ചു
നടപടി ഹൈക്കോടതി നിർദേശപ്രകാരം
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന് പിന്നാലെ കടമ്പ്രയാറുൾപ്പെടെയുളള ജലസ്രോതസ്സുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. മാലിന്യം ജലസ്രോതസുകളിലേക്ക് പടർന്നിട്ടുണ്ടോ എന്നതടക്കമുളള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സാമ്പിളുകൾ ശേഖരിച്ചത്.
12 ദിവസം നീണ്ടുനിന്ന ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടത്തിന് പിന്നാലെ പ്ലാന്റിനോട് ചേർന്നൊഴുകുന്ന കടമ്പ്രയാർ മലിനമായെന്ന ആശങ്ക വലിയ രീതിയിൽ ഉയർന്നിരുന്നു. കടമ്പ്രയാറിന്റെ പല ഭാഗങ്ങളിലും മീൻ ചത്തുപൊങ്ങിയത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചു.
ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ഹൈക്കോടതി മലിനീകരണ നിയന്ത്രണബോർഡിനോട് ജലസ്രോതസുകളിൽ നിന്ന് സാമ്പിൾ പരിശോധിക്കാൻ നിർദേശം നൽകിയത്. ഭൂഗർഭ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും നിർദേശിച്ചിരുന്നു. കടമ്പ്രയാറിന് പുറമെ പെരിയാറിൽ നിന്നുളള സാമ്പിളുകളും പരിശോധിക്കാൻ കോടതി നിർദേശിച്ചിരുന്നു. പരിശോധന റിപ്പോർട്ട് ഉടൻ ഹൈക്കോടതിക്ക് കൈമാറും.