അമേരിക്കൻ സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു; ലോക കേരള സഭയുടെ മേഖല സമ്മേളനം ശനിയാഴ്ച
അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ വ്യവസായി മലയാളികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, വനിത സംരംഭകര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടേയും അമേരിക്ക, ക്യൂബ യാത്ര ആരംഭിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടത്.
ലോക കേരള സഭയുടെ അമേരിക്കന്‍ മേഖല സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ടൈം സ്ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയിലാണ് ഉദ്ഘാടനം. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചീഫ് സെക്രട്ടറി വി പി ജോയിയും പങ്കെടുക്കും. യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. പതിനൊന്നാം തീയതി ബിസിനസ് ഇന്‍വെസ്റ്റ്മെന്റ് മീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ വ്യവസായി മലയാളികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, വനിത സംരംഭകര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പതിനാലാം തീയതി പിണറായി വിജയന്‍ ക്യൂബയിലെ ഹവാനയിലേക്ക് തിരിക്കും. പതിനഞ്ച്, പതിനാറ് തീയതികളിലെ ഹവാനയിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.മുഖ്യമന്ത്രിക്ക് ഒപ്പം ഭാര്യ കമല വിജയനും ഉണ്ട്.