രാജ്ഭവനിലേക്കുള്ള ഉദ്യോ​ഗസ്ഥ വിലക്കിൽ അയവ്; 'മുഖ്യമന്ത്രിയുടെ അനുമതിയുണ്ടെങ്കിൽ വരാം'

വ്യക്തിപരമായ കാര്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നും രാജ്ഭവൻ അറിയിച്ചു.

Update: 2024-10-12 16:20 GMT
Advertising

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിലക്കേർപ്പെടുത്തിയ നിലപാടിൽ അയവ് വരുത്തി വിശദീകരണവുമായി ​രാജ്ഭവൻ. മുഖ്യമന്ത്രിയുടെ അനുമതിയുണ്ടെങ്കിൽ വരാം എന്നാണ് രാജ്ഭവൻ അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരേണ്ടെന്നും പ്രവേശനം നൽകില്ലെന്നും രാജ്ഭവൻ അറിയിച്ചു. ഉദ്യോഗസ്ഥർ ആരും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ഗവർണർ ഇന്നലെ സ്വീകരിച്ച നിലപാട്. ഇതിലാണ് ഇന്ന് വിശദീകരണം ഇറക്കിയത്.

കൂടാതെ, വ്യക്തിപരമായ കാര്യങ്ങൾക്ക് അവർക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നും രാജ്ഭവൻ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഉദ്യോ​ഗസ്ഥർ വന്നിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

ഇന്നലെയാണ്, രാജ്ഭവനിലേക്ക് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ​ഗവർണർ വിലക്കേർപ്പെടുത്തിയത്. നിരന്തരം വന്നുകൊണ്ടിരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ലെന്നും അവർക്ക് ഇനി രാജ്ഭവനിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.

സ്വർണക്കടത്ത്, ഹവാല എന്നിവയിലെ പണം ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടേതായി ദ ഹിന്ദു അഭിമുഖത്തിൽ വന്ന വിവാദ പരാമർശങ്ങളിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ നേരിട്ടെത്തണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ തടഞ്ഞിരുന്നു.

ഭരണഘടനയുടെ 167-ാം അനുച്ഛേദപ്രകാരം ഗവർണർക്ക് വിശദീകരണം നൽകേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ഉത്തരവാദിത്വമാണെന്നും ഉദ്യോഗസ്ഥർക്ക് അതിനുള്ള ബാധ്യതയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഇതാണ് ഗവർണറെ പ്രകോപിപ്പിച്ചത്. അതേസമയം, വിവാദ പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനുള്ള നീക്കം രാജ്ഭവൻ ആരംഭിച്ചിട്ടുണ്ട്.

രാഷ്ട്രപതിക്ക് ഉടൻ റിപ്പോർട്ട് നൽകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി കൃത്യമായ ഉത്തരം നൽകണമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെയും ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കാനാണു നീക്കം. വിവാദങ്ങളില്‍ വിശദീകരണം തേടി ഇന്നലെയും ഗവര്‍ണര്‍ കത്ത് നല്‍കിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News