ചോറ്റാനിക്കരയിൽ സുഹൃത്തിന്‍റെ ക്രൂരമർദനമേറ്റ് മരിച്ച അതിജീവിതയുടെ സംസ്കാരം ഇന്ന്
അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി ഇന്നലെയാണ് മരിച്ചത്


കൊച്ചി: ചോറ്റാനിക്കരയിൽ സുഹൃത്തിന്‍റെ ക്രൂരമർദനത്തെ തുടർന്ന് മരിച്ച അതിജീവിതയുടെ സംസ്കാരം ഇന്ന്. രാവിലെ കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടക്കും. തുടർന്ന് ഉച്ചയ്ക്കുശേഷം തൃപ്പൂണിത്തുറ നടമേൽ മാർത്ത മറിയം ചർച്ചിൽ സംസ്കാര ചടങ്ങുകൾ നടക്കും. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന പെൺകുട്ടി ഇന്നലെയാണ് മരിച്ചത് . അതിജീവതയെ മർദിച്ച അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സുഹൃത്ത് അനൂപിൻ്റെ മർദ്ദനമേറ്റ പെൺകുട്ടി കഴിഞ്ഞ അഞ്ച് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. പെൺകുട്ടിയെ മർദ്ദിച്ച അനൂപിനെതിരെ വധശ്രമം, ബലാൽസംഗം തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്.
തലയോലപ്പറമ്പ് സ്വദേശി അനൂപിനെ അതിജീവിത ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. മറ്റൊരാളുമായി പെൺകുട്ടിക്കുള്ള സൗഹൃദത്തെ ചോദ്യം ചെയ്താണ് അനൂപ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ചുറ്റികകൊണ്ട് തലയ്ക്ക് അടിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയിരുന്നു. സംഭവത്തിനുശേഷം വീട്ടിൽ നിന്ന് കടന്നു കളഞ്ഞ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബബന്ധങ്ങളുടെ ശൈഥില്യമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.