സിനിമയെ സിനിമയായി കാണണം; നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്ന് കല്ലെറിയും: ആസിഫ് അലി
സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാക്കുന്ന വിഷമം അനുഭവിച്ചാലേ മനസ്സിലാകൂ എന്നും ആസിഫ് അലി


കോഴിക്കോട് : എമ്പുരാൻ സിനിമയ്ക്കു നേരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നടൻ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവരാണ് ഒളിച്ചിരുന്ന് പറയുന്നതെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ എഴുതിയിടുന്ന കാര്യങ്ങൾ ഒരുപാട് വലിയ പ്രശ്നങ്ങളിലേക്കാണ് കൊണ്ടുചെന്നെത്തിക്കുക. അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആസിഫ് അലി പറഞ്ഞു.
ആസിഫ് അലിയുടെ പ്രതികരണം :
വിവാദങ്ങളോട് പ്രതികരിക്കാൻ ഞാനില്ല. പക്ഷെ സാമൂഹ്യമാധ്യമങ്ങളിൽ വീട്ടിലിരുന്നോ കൂട്ടുകാർക്കൊപ്പമോ വരുംവരായ്കളെക്കുറിച്ച് ചിന്തിക്കാതെ നമ്മൾ എഴുതിയിടുന്ന ചില കാര്യങ്ങൾ, ചില കമന്റ്സ് ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമയെ സിനിമയായിട്ടു കാണണം എന്നാണ് ആഗ്രഹിക്കുന്നത്. ആ മൂന്നു മണിക്കൂർ വിനോദത്തിനായി മാത്രം കരുതുക. അതിന്റെ സ്വാധീനം എത്രത്തോളം വേണമെന്നത് നമ്മുടെ തീരുമാനമാണ്
നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്ത ആളുകൾ എപ്പോഴും ചെയ്യുന്നത് ഒളിച്ചിരുന്ന് പറയുകയാണ്. ഒളിച്ചിരുന്ന് കല്ലെറിയുന്നത് പോലെ. സോഷ്യൽ മീഡിയ ആക്രമണം സൃഷ്ട്ടിക്കുന്ന വിഷമം ഒരിക്കൽ അത് അനുഭവിച്ചെങ്കിലേ മനസ്സിലാവുകയുള്ളൂ. ആവശ്യമില്ലാത്ത കാര്യങ്ങളിൽ നമ്മൾ അഭിപ്രായം പറയാതിരിക്കുക. ആരുടെ കൂടെയാണ് ന്യായമെന്ന് നമുക്ക് തോന്നുന്നുവോ അവർക്കൊപ്പം നിൽക്കുകയല്ലേ നമ്മൾ ചെയ്യുക. അങ്ങനെ തന്നെയായിരിക്കും വരും കാലങ്ങളിലും പ്രതികരണങ്ങൾ.