ഡ്രൈവിംഗ് പരിഷ്കരണം; മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധവുമായി സി.ഐ.ടി.യു
വേണ്ടിവന്നാൽ മന്ത്രിയെ റോഡിൽ തടയുമെന്നും സിഐടിയു നേതാവ് പറഞ്ഞു
തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണവുമായി മുന്നോട്ട് പോകുന്ന മന്ത്രി ഗണേഷിനെതിരെ പ്രതിഷേധവുമായി സി.ഐ.ടി.യു.ഗണേഷ്കുമാറിനെതിരെ രൂക്ഷ വിമർശനവുമായാണ് സിഐടിയു രംഗത്തെത്തിയത്. ഗണേഷ് എൽ.ഡി.എഫ് മന്ത്രിയാണെന്ന കാര്യം ഓർക്കണമെന്ന് സി.ഐ.ടി.യു നേതാവ് കെ. ദിവാകരൻ തുറന്നടിച്ചു. വേണ്ടിവന്നാൽ മന്ത്രിയെ റോഡിൽ തടയുമെന്നും സിഐടിയു മുന്നറിയിപ്പ് നൽകി.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിലാണ് മന്ത്രിക്കെതിരെ വിമർശം ഉയർന്നത്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് ഫെബ്രുവരി 21ന് ഇറക്കിയ ഉത്തരവാണ് ഡ്രൈവിംഗ് സ്കൂളുകാരും ഗതാഗത മന്ത്രി ഗണേഷ് കുമാറും തമ്മിൽ തെറ്റാൻ കാരണം. ഇതിനോടൊപ്പം ടെസ്റ്റുകളുടെ എണ്ണം വെട്ടിച്ചുരിക്കിയ തീരുമാനവും ഡ്രൈവിംഗ് സ്കൂളുകാർക്കും ലൈസൻസ് അപേക്ഷകർക്കും ഒരുപോലെ തിരിച്ചടിയായി.
പരിഷ്ക്കാരം ഉടൻ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പു പോലും പാലിക്കാതെയാണ് ഗണേഷ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപമാണ് സിഐടിയുവിന്. പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ആയിരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ഗ്രൗണ്ടുകൾ സർക്കാർ തന്നെ ഒരുക്കണമെന്ന ആവശ്യവും യൂണിയൻ മുന്നോട്ടുവച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ മൂന്നിന് ഗണേഷിന്റെ വസതിയിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. എന്നിട്ടും നടപടിയായില്ലെങ്കിൽ മന്ത്രിയെ വഴിയിൽ തടയും.