ഹിന്ദുത്വ വ്യാഖ്യാനിച്ച് വഷളാക്കി; മുസ്‌ലിം വിരുദ്ധത വളർത്തുന്നത് ഒരു ഗുണവും ചെയ്യില്ല: സി.കെ പത്മനാഭൻ
ചില വികാരജീവികളുടെ ഞരമ്പ് രോഗം മാറ്റാമെന്നല്ലാതെ നാടിന്റെ വികസനത്തിനും സൗഹാർദപരമായ ജീവിതത്തിലും മുസ്‌ലിം വിരുദ്ധത ഒരു ഗുണവും ചെയ്യില്ലെന്നും സി.കെ പത്മനാഭൻ പറഞ്ഞു.
കോഴിക്കോട്: ഹിന്ദുത്വയെ പലരും ഇപ്പോൾ വ്യാഖ്യാനിച്ച് വഷളാക്കിയെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭൻ. ഇപ്പോൾ സമൂഹത്തിൽ ഒരു മുസ്‌ലിം വിരുദ്ധത വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. ചില വികാരജീവികളുടെ ഞരമ്പ് രോഗം മാറ്റാമെന്നല്ലാതെ നാടിന്റെ വികസനത്തിനും സൗഹാർദപരമായ ജീവിതത്തിലും അത് ഒരു ഗുണവും ചെയ്യില്ല. ഭീകരവാദത്തിനെതിരെ നമ്മൾ ശക്തമായ നിലപാട് സ്വീകരിക്കണം. എന്നാണ് ഇന്ത്യയിലെ മുസ്‌ലിം സമുദായം ദേശീയതക്ക് നിരവധി സംഭാവനകൾ നൽകിയവരാണ്. സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണ ഗുരുവിന്റെയും ഹിന്ദുത്വമാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ 'ദേശീയപാത' പരിപാടിയിൽ എഡിറ്റർ പ്രമോദ് രാമനുമായി സംസാരിക്കുകയായിരുന്നു സി.കെ പത്മനാഭൻ.
നമ്മുടെ രാജ്യത്തിന്റെ ശക്തി ഏകതയാണ്. സൗന്ദര്യമെന്ന് പറയുന്നത് നമ്മുടെ ബഹുസ്വരതയാണ്. അത് പൂർണമായും ഉൾക്കൊള്ളുമ്പോൾ മാത്രമേ രാഷ്ട്രത്തിന് ശക്തിയും സൗന്ദര്യവും ഒരുമിച്ചുണ്ടാവുകയുള്ളൂ. മുസ്‌ലിം വിരുദ്ധത വളർത്തുന്നതിന് പിന്നിൽ മോദിയും അമിത് ഷായുമാണെന്ന് പറയാനാവില്ലെന്നും സി.കെ പത്മനാഭൻ പറഞ്ഞു.
മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് ഞാൻ. പക്ഷേ ഇന്ന് സ്‌നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കുന്ന ആളുകളുള്ളത് മലപ്പുറം ജില്ലയിലാണ്. ഇത് തന്റെ അനുഭവമാണ് പറയുന്നത്. നൂറുകണക്കിന് മുസ്‌ലിം യുവാക്കൾ തന്റെ സുഹൃത്തുക്കളാണ്. ജില്ല രൂപീകരിക്കുമ്പോൾ ഭയത്തിന് ചില കാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് അത് തെറ്റാണെന്ന് തെളിഞ്ഞു. പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ടുപോകുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. അത് തകർക്കുന്ന സിദ്ധാന്തം ആര് കൊണ്ടുവന്നാലും അവർ പിന്നോട്ട് പോകുമെന്നും സി.കെ പത്മനാഭൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് സി.കെ പത്മനാഭൻ ഉന്നയിച്ചത്. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നതിൽനിന്ന് അധികാരാധിഷ്ഠിത രാഷ്ട്രീയം എന്നതിലേക്ക് മാറി. വീണ്ടും ഭരണം കിട്ടുമെന്നതുകൊണ്ടാണ് പലരും പാർട്ടിയിലേക്ക് വരുന്നത്. നേരത്തെ 'കോൺഗ്രസ് മുക്ത ഭാരതം' എന്നത് മാറ്റി 'കോൺഗ്രസ് മുക്ത ബി.ജെ.പി' എന്നതിന് വേണ്ടി പോരാടേണ്ടിവരുമോ എന്ന സംശയമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.