ലൈഫ് ഭവന പദ്ധതി; യുഎഇ സഹായം തേടി മുഖ്യമന്ത്രി
യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സഹായം അഭ്യർത്ഥിച്ചത്.
ലൈഫ് പദ്ധതി പ്രകാരം റെഡ് ക്രസന്റിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റ് നിർമ്മാണം പൂർത്തിയാക്കാൻ തുടർ സഹായം വേണമെന്ന് യുഎഇയോട് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സഹായം അഭ്യർത്ഥിച്ചത്.
റെഡ്ക്രസന്റുമായി ബന്ധപ്പെട്ട് പദ്ധതി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡോ. താനി അഹമ്മദ് വ്യക്തമാക്കി. ദുബായ് എക്സ്പോയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ യുഎഇ ഗവൺമെന്റിനു വേണ്ടി ഡോ. താനി അഹമ്മദ് ക്ഷണിക്കുകയും ചെയ്തു. 2022 ഫെബ്രുവരിയിൽ എക്സ്പോയ്ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചു.
ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൾ റഹ്‌മാൻ അൽ ബന്നയും ലുലുഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലിയും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്റെ മാൾ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു യുഎഇ മന്ത്രിയും അംബാസഡറും.