'പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ക്രൂരത'; ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെതിരെ മുഖ്യമന്ത്രി
ഏത് ജനാധിപത്യബോധമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു
തിരുവനന്തപുരം: ലോക കേരള സഭയില്‍ പങ്കെടുക്കാത്തതിന് പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. ഏത് ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആദ്യം പ്രതിപക്ഷം പങ്കെടുക്കാമെന്ന് പറഞ്ഞു. പിന്നീട് പുറം തിരിഞ്ഞുനിന്നു. പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ്. എം.എൽ.എമാരുടെയും എം.പിമാരുടെയും പരിപാടിയിൽ പങ്കെടുത്ത പ്രതിപക്ഷം ഇതിൽ നിന്ന് വിട്ടുനിന്നത് നാട് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഒരുമയും കൂട്ടായ്മയും. ലോകത്ത് എവിടെ ആയാലും മലയാളികൾ ഏകോദര സഹോദരങ്ങളാണ്. ഒരുമയുടെ സന്ദേശമാണ് മൂന്നാം ലോക കേരള സഭ. ശാരീരിക അസ്വസ്ഥതകൾ കാരണമാണ് ആദ്യദിനം പങ്കെടുക്കാതിരുന്നതെന്നും ശാരീരിക ബുദ്ധിമുട്ട് പൂർണമായി മാറാത്ത സാഹചര്യത്തിലാണ് ഓൺലൈനായി സഭയെ അഭിസംബോധന ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലയാളികളില്ലാത്ത നാടില്ല, നാം ഒരുമിച്ച് നിന്നാൽ അസാധ്യമായി യാതൊന്നുമില്ലെന്നും അസാധാരണമായ വിഭവശേഷി നമ്മുടെ കൂട്ടായ്മക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ പ്രവാസികൾക്ക് വലിയ പങ്കുണ്ട്. കേരളം പ്രവാസി സമൂഹത്തെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു. പ്രവാസികൾ കേരളത്തെയും ചേർത്ത് പിടിക്കുന്നു. പ്രവാസികളുടെ നിർദേശങ്ങൾ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.