'നിയമസഭാ അധികാരങ്ങൾ ഗവർണർമാർ കൈയടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത്'; സുപ്രിംകോടതി വിധിയിൽ മുഖ്യമന്ത്രി
ആർ.എൻ രവിക്കെതിരായ സുപ്രിംകോടതി വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്നും പിണറായി വിജയൻ.


തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ അനുമതി നൽകാതെ തടഞ്ഞുവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് വിടുകയും ചെയ്‌ത തമിഴ്‌നാട് ഗവർണര്‍ ആർ.എൻ രവിക്കെതിരായ സുപ്രിംകോടതി വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
'ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രിംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയിൽ ബില്ലുകൾ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചുകാണുന്നു. നിയമനിർമാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കൈയടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യത്തിന്റെ വിജയമാണ്'- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസം വരെ തടഞ്ഞുവയ്ക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സുപ്രിംകോടതി വിധി ചരിത്രപരമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചിരുന്നു. സംസ്ഥാന നിയമസഭകളുടെ നിയമനിർമാണ അവകാശങ്ങൾ വീണ്ടും ഉറപ്പിച്ചുള്ളതാണ് കോടതി വിധി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമനിർമാണ പരിഷ്കാരങ്ങൾ ചെയ്ത ഗവർണർമാർ തടയുന്ന പ്രവണത അവസാനിപ്പിക്കണം. ചരിത്രപരമായ വിധിന്യായത്തെ നന്ദിയോടെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ഗവർണർ ആർ.എൻ രവിക്ക് എതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. 10 ബില്ലുകൾ തടഞ്ഞുവച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി സുപ്രിംകോടതി റദ്ദാക്കി. ഗവർണർ ആത്മാർഥമായി പ്രവർത്തിച്ചില്ല. നിയമസഭാ ബില്ലുകൾ വീണ്ടും പാസാക്കി അയച്ചാൽ രാഷ്ട്രപതിക്ക് വിടാൻ ഗവർണർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് ജെ.ബി പർദീവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. സഭ പാസാക്കുന്ന ബില്ലുകളിൽ അടയിരിക്കരുത്. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ചയച്ചാൽ ഒരു മാസമാണ് സമയം സുപ്രിംകോടതി അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഭരണഘടന എത്ര നല്ലതാണെങ്കിലും നടപ്പാക്കുന്നവർ നല്ലവരല്ലെങ്കിൽ, അത് മോശമാകുമെന്ന അംബേദ്കറുടെ വാക്കുകളും വിധിയില്‍ കോടതി ഉദ്ധരിച്ചു.
അതേസമയം, ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിലും ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിലുമാണ് ഹരജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്‌ട്രപതി തടഞ്ഞുവച്ചത് ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളത്തിന്റെ വാദം.