കോക്ലിയർ ഇംപ്ലാന്റേഷൻ; അർഹരായവരെയെല്ലാം സർക്കാർ സഹായിക്കുമെന്ന് മന്ത്രി
അപ്ഗ്രഡേഷന്‍ മുടങ്ങിയത് മൂലം കേള്‍വി നഷ്ടമായ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കും.
തിരുവനന്തപുരം: കോക്ലിയർ ഇംപ്ലാന്റേഷന് അർഹരായ എല്ലാ കുട്ടികളേയും സർക്കാർ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആവശ്യമുള്ളവർക്കെല്ലാം ശ്രവണ സഹായിയുടെ അപ്ഗ്രഡേഷന്‍ നടത്തിക്കൊടുക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
അപ്ഗ്രഡേഷന്‍ മുടങ്ങിയത് മൂലം കേള്‍വി നഷ്ടമായ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കും. കെ.എസ്.എസ്.എമ്മിൽ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 25 പേരുടെ ശ്രവണ സഹായി അപ്‍ഗ്രേഡ് ചെയ്യാന്‍ 60 ലക്ഷം അനുവദിച്ചത്. ഇനിയും അപേക്ഷകരുണ്ടെങ്കില്‍ പണം അനുവദിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
ആരോഗ്യവകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ തനത് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷം മുതലാണ് സാമൂഹിക സുരക്ഷാമിഷന് കീഴില്‍ നടപ്പാക്കിയിരുന്ന ശ്രുതി തംരംഗം പദ്ധതി ആരോഗ്യവകുപ്പിലേക്ക് മറ്റിയത്. 2012ൽ ഉമ്മൻ ചാണ്ടി സർക്കാർ ആരംഭിച്ചതാണ് ശ്രുതി തരംഗം പദ്ധതി. പദ്ധതി വഴി കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ ശ്രവണസഹായി കേടുവന്ന വാർത്ത ചർച്ചയായിരുന്നു.