കിറ്റ് വിതരണം നിർത്താൻ മേപ്പാടി പഞ്ചായത്തിന് കലക്‌ടറുടെ നിർദേശം
സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനും വയനാട് ജില്ലാ കലക്‌ടർ നിർദേശിച്ചു
കോഴിക്കോട്: ഭക്ഷ്യക്കിറ്റ് വിതരണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്തിന് വയനാട് ജില്ലാ കലക്‌ടർ നിർദേശം നൽകി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനും നിർദ്ദേശമുണ്ട്. ഭക്ഷ്യവിഷബാധയടക്കം പഞ്ചായത്തിനെതിരെ പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് നടപടി.
മേപ്പാടി പഞ്ചായത്തില്‍ നിന്നും വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിലെ സാധനങ്ങൾ പഴകിപ്പൂത്തതും പുഴുവരിച്ചതുമായ നിലയിൽ കണ്ടെത്തിയതിൽ വിവാദങ്ങളും പ്രതിഷേധങ്ങളും ശക്തമാവുകയാണ്. ഇതിനിടെയാണ് കലക്‌ടറുടെ സുപ്രധാന നടപടി.
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിലെ സോയാബീന്‍ കഴിച്ച രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി ഉയർന്നതോടെ രൂക്ഷവിമർശനങ്ങളാണ് മേപ്പാടി പഞ്ചായത്തിനെതിരെ ഉയരുന്നത്. ഉത്തരവാദികൾ പഞ്ചായത്താണെന്നും ഭരണസമിതിക്കെതിരെ കേസടുക്കണമെന്നുമാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേപ്പാടിയിൽ റോഡ് ഉപരോധിച്ചിരുന്നു. പഞ്ചായത്തിനെതിരെ മന്ത്രി കെ.രാജനും രംഗത്തെത്തി.
കുന്നമ്പറ്റയില്‍ വാടകയ്ക്ക് താമസിക്കുന്ന ഒരു കുട്ടിയ്ക്കും കൽപ്പറ്റയിൽ താമസിക്കുന്ന ബന്ധുവായ മറ്റൊരു കുട്ടിക്കുമാണ് വയറിളക്കവും ഛർദിയുമുണ്ടായത്. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നിന്ന് ലഭിച്ച കിറ്റിലുള്ള സോയാബീന്‍ കഴിച്ചിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതാകാം ഭക്ഷ്യവിഷബാധക്ക് കാരണമന്നൊണ് കരുതുന്നത്. ഇതേതുടർന്ന് മേപ്പാടി പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ റോഡുപരോധിച്ചു.
തെരഞ്ഞെടുപ്പ് ചർച്ചയിലും സജീവവിഷയമാണ് വയനാട്ടിലെ ഭക്ഷ്യക്കിറ്റ് വിവാദം.