വാണിജ്യ പാചകവാതക വില വർധിപ്പിച്ചു; 19 കിലോ സിലിണ്ടറിന് 102.50 രൂപ കൂട്ടി
നാലുമാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലണ്ടറിന് കൂടിയത്
ഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക വില വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 102.50 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2,355 രൂപയായി ഉയർന്നു. നേരത്തെ ഇത് 2253 ആയിരുന്നു. നാലുമാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലണ്ടറിന് കൂടിയത്.
അഞ്ച് കിലോ സിലണ്ടറുകളുടെ വില 655 രൂപയായി. നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു. അന്ന് 2253 രൂപയായായിരുന്നു ഒരു സിലിണ്ടറിന്റെ വില. അതിന് മുന്നോടിയായി മാർച്ച് ഒന്നിന് 105 രൂപയും വർധിപ്പിച്ചിരുന്നു. അതേ സമയമം ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിച്ചില്ല എന്നത് ആശ്വാസമാണ്.
യുക്രൈൻ പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് എല്ലാമാസവും വാണിജ്യ സിലിണ്ടറിന് വില കൂട്ടുന്നത്. ഇതോടെ ഹോട്ടലുടമകൾ കൂടുതൽ പ്രതിസന്ധിയിലായി. സിലിണ്ടറുകളുടെ വില ഇങ്ങനെ കൂട്ടുമ്പോള്‍ ഭക്ഷണസാധനങ്ങളുടെ വിലവർധിപ്പിക്കാതെ വഴിയില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.