വർഗീയ ആരോപണം നേരിട്ട ഓച്ചിറ സി.ഐ പള്ളി മുതവല്ലിയെ തല്ലിയെന്ന ആരോപണം നേരിട്ടയാൾ

സി.പി.എം പ്രാദേശിക നേതാവ് കൂടിയായ പള്ളി മുതവല്ലിയെ തല്ലിയെന്ന പരാതിയെ തുടർന്ന് സി.ഐ വിനോദിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ പള്ളി ഭാരവാഹികൾ നൽകിയ പരാതിയുടെ പകർപ്പടക്കമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Update: 2022-01-25 09:49 GMT
Advertising

ലോക്ക്ഡൗൺ ദിവസം കാറിൽ യാത്രചെയ്ത കുടുംബത്തെ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് വർഗീയ ആരോപണം നേരിട്ട ഓച്ചിറ സി.ഐ വിനോദ്, മുമ്പ് കുറ്റ്യാടിയിൽ പള്ളി മുതവല്ലി അടക്കമുള്ളവരെ മർദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. 2020-ലെ ബലിപെരുന്നാൾ ദിവസം, വിശ്വാസികൾ നമസ്‌കാരത്തിന് എത്താതെ ലോക്ക്ഡൗൺ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പള്ളിയിലെത്തിയ ഭാരവാഹികളെ സി.ഐ വിനോദ് പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സി.പി.എം പ്രാദേശിക നേതാവ് കൂടിയായ പള്ളി മുതവല്ലിയെ തല്ലിയെന്ന പരാതിയെ തുടർന്ന് സി.ഐ വിനോദിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ പള്ളി ഭാരവാഹികൾ നൽകിയ പരാതിയുടെ പകർപ്പടക്കമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അടുക്കത്ത് നരയങ്കോട് ജുമാ മസ്ജിദിൽ പെരുന്നാൾ-ജുമുഅ നമസ്‌കാരങ്ങൾ ഉണ്ടാവുമെന്ന് ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ നമസ്‌കാരം ഉണ്ടാവില്ലെന്ന് അറിയിക്കുന്നതിനാണ് പള്ളി മുതവല്ലി നെല്ലിയുള്ളതിൽ ഷരീഫും മറ്റു രണ്ടുപേരും രാവിലെ ആറു മണിയോടെ പള്ളി മുറ്റത്തെത്തിയത്. പള്ളിയിൽ ബാങ്കുവിളിക്കുന്നതിനായി മുക്രി സുലൈമാൻ മുസ്ലിയാരും ഈ സമയത്ത് പള്ളി പരിസരത്തുണ്ടായിരുന്നു.

ഈ സമയത്ത് അതുവഴി വന്ന സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗെയ്റ്റിൽ വാഹനം നിർത്തി കേട്ടാലറക്കുന്ന അസഭ്യവർഷത്തോടെ പള്ളി പരിസരത്തുണ്ടായിരുന്ന മുക്രി സുലൈമാൻ മുസ്ലിയാരെയും മുതവല്ലി ഷരീഫിനെയും ക്രൂരമായി മർദിച്ചെന്നും കുറ്റ്യാടി ഏരിയ മഹല്ല് ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പറയുന്നു.



 


മർദനമേറ്റ മുതവല്ലി ഷരീഫ് അന്ന് പറഞ്ഞത്:

Full View

 കായംകുളം എം.എസ്.എം കോളജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ ഞായറാഴ്ച പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് അഫ്‌സൽ എന്ന യുവാവ് രംഗത്തെത്തിയിരുന്നു. പല വാഹനങ്ങളും പോകാൻ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം ഓച്ചിറ സി.ഐ വിനോദ് തടഞ്ഞുനിർത്തിയെന്നും പർദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്‌നമെന്ന് പറഞ്ഞെന്നും അഫ്‌സൽ പറയുന്നു. 'അങ്ങനെ കേരള പൊലീസിലെ സംഘിയെ ഞാനും കണ്ടെത്തി' എന്ന തലവാചകത്തോടെയാണ് യുവാവ് ദുരനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

അഫ്‌സലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി...

കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചതേയ്ക്ക് കോളേജ്‌ അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടിൽ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ- ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്‌ഥിരമായി കായംകുളം പോകുന്നത്. വീട്ടിൽ നിന്നും 4 കിലോമീറ്റർ ദൂരത്താണ് ബസ് സ്റ്റോപ്. രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നു. 6.30 ആയിട്ടും ബസ് കാണാത്തതിനാൽ കാർ എടുത്തു വരാൻ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ് ആയതിനാൽ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറിൽ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65കിലോമീറ്റർ പിന്നിട്ട് ഓച്ചിറ എത്തി. 7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്‌മൂലവും കാണിക്കുകയും മോളുടെ കോളേജിൽ (MSM കോളേജ്, 6 കിലോമീറ്റർ അപ്പുറം) പോകുകയാണ് എന്നും അറിയിച്ചു.

"നിങ്ങൾ പോകേണ്ട, തിരിച്ചു പോകൂ..."

ഇൻസ്‌പെക്ടർ ദേഷ്യഭാവത്തോടെ പറഞ്ഞു. ഉമ്മച്ചി മനസ്സിലാവാത്ത ഭാവത്തോടെ അദ്ദേഹത്തെ നോക്കി.

"നിങ്ങളോടല്ലേ പറഞ്ഞത്, തിരിച്ചു പോകൂ"

അദ്ദേഹം വീണ്ടും പറഞ്ഞു.

"അതെന്താണ് സർ, ഞങ്ങൾ 7 ഓളം ചെക്കിങും 70 കിലോമീറ്റർ ദൂരവും പിന്നിട്ടാണ് ഇവിടെവരെ എത്തിയത്. 5 കിലോമീറ്റർ അപ്പുറമാണ് കോളേജ്. പിറകെ വന്ന ഒരു വാഹനവും നിങ്ങൾ തടയുന്നില്ല. സത്യവാങ്മൂലം ഉണ്ട്, രേഖകൾ ഉണ്ട് പിന്നെ എന്താണ് തിരിച്ചു പോകണം എന്ന് നിങ്ങൾ പറയുന്നത്..?"

ഉമ്മച്ചി ചോദിച്ചു.

"നിങ്ങൾ പറഞ്ഞാൽ കേട്ടാൽ മതി. ലോക്ക്ഡൗൻ നിയമം ലംഖിച്ചത് കൊണ്ടു നിങ്ങൾ തിരിച്ചു പോകൂ. കൂടുതൽ സംസാരിച്ചാൽ കേസെടുക്കും.."

ഇൻസ്‌പെക്ടരുടെ ഭാവം മാറി...

"നിങ്ങൾ എന്താണ് പറയുന്നത്, ഒരൊറ്റ വാഹനവും തടയാതെ ഈ വാഹനം മാത്രം തടയുന്നതിലെ ലോജിക് എന്താണ് ഇൻസ്‌പെക്ടർ സാർ, 70 കിലോമീറ്റർ ദൂരത്തു നിന്നാണ് ഞങ്ങൾ വരുന്നത്, 5 വയസുള്ള മോൻ കൂടെയുണ്ട്. അല്പം കൂടി പോയാൽ കോളേജ് ആയി. ഞങ്ങളെ പോകാൻ അനുവദിക്കൂ..."

ഉമ്മച്ചി വണ്ടിയിൽ നിന്നും ഇറങ്ങി. അനിയനും ഞാനും ഇറങ്ങി. ഞങ്ങളുടെ പുറകെ വന്ന ഒരു വാഹനവും തടയുന്നില്ല. രേഖകൾ നോക്കി എല്ലാവരെയും കടത്തി വിടുകയാണ്.

"ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്നം, ഞാൻ ഇട്ടിരിക്കുന്ന പർദ ആണോ സാർ കാണുന്ന വ്യത്യാസം"

ഉമ്മച്ചി രോഷത്തോടെ ഉമ്മച്ചി ഇൻസ്‌പെക്ടരോട് പറഞ്ഞു.

"അതേ...നിങ്ങളുടെ വസ്ത്രം പ്രശ്നം തന്നെയാണ്. വസ്ത്രം പ്രശ്നം തന്നെയാണ്..."

ഇൻസ്‌പെക്ടർറുടെ ഭാവം മാറി..

അതുവരെ ഞാൻ മിണ്ടിയിരുന്നില്ല. പർദ പ്രശ്നം തന്നെയാണ് എന്നു പറഞ്ഞപ്പോഴാണ് ഞാൻ ഇൻസ്‌പെക്ടരുടെ നെയിം പ്ളേറ്റ് നോക്കിയത്.. VINOD P...

പുറകെ വന്ന ഒരൊറ്റ വാഹനവും തടയാതെ, ഉമ്മച്ചിയും 5 വയസുള്ള അനിയനുമുള്ള വാഹനം എല്ലാ രേഖകളും ഉണ്ടായിട്ടും തടഞ്ഞു വെച്ച് ഞങ്ങളെ പൊരി വെയിലത്ത്‌ നിർത്തി ജീപ്പിൽ കയറി ഇരിക്കുന്ന ഇൻസ്പെക്ടറുടെ പ്രശ്നം എന്താണെന്ന് എനിക്ക് മനസിലായി. ഉമ്മച്ചിക്ക് നേരത്തെ മനസിലായി.

വീണ്ടും പറഞ്ഞ കാര്യം തന്നെ ഉമ്മച്ചി ഇൻസ്‌പെക്ടറോട് ആവർത്തിച്ചു കൊണ്ടിരുന്നു.

"നിങ്ങൾ ഇന്ന് പോകില്ല. നിങ്ങളെ ഞാൻ സ്റ്റേഷനിലേക്ക് കൊണ്ടു പോകും.."

ഇൻസ്‌പെക്ടയുടെ ഭാഷയിൽ ഭീഷണിയുടെ സ്വരം.

ഞാൻ ഫോണെടുത്തു, ആദ്യം കൊല്ലം റൂറൽ എസ്പിയെ വിളിച്ചു. നോക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. ശേഷം കൊല്ലം എം.പി ശ്രീ എൻ.കെ പ്രേമചന്ദ്രനെ വിളിച്ചു കാര്യം പറഞ്ഞു. ഇടപെടാം എന്ന് ഉറപ്പു നൽകി എല്ലാം കേട്ട ശേഷം അദ്ദേഹം ഫോൺ വെച്ചു. അവസാന പ്രതീക്ഷ എന്ന നിലയിൽ ഞാൻ കോൺഗ്രസ് പ്രസിഡന്റ് കെ.സുധാകരൻ എം.പിയെ വിളിച്ചു എല്ലാം വിശദമായി പറഞ്ഞു.

"ടെൻഷൻ ആവേണ്ട. ഞാൻ നോക്കിക്കൊളാം അഫ്‌സൽ.."

എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു. 5 മിനിട്ട് കഴിഞ്ഞു മുൻ കൊല്ലം ഡി.സി.സി പ്രസിഡന്റ് ശ്രീമതി ബിന്ദുകൃഷ്ണ എന്നെ വിളിച്ചു. "എസ്പിയെ വിളിച്ചു സംസാരിച്ചിട്ടുണ്ട് ഒന്നുകൊണ്ടും വിഷമിക്കേണ്ട" എന്ന് വാക്ക് തന്നു. അപ്പോഴേയ്ക്കും ഏകദേശം 45 മിനുട്ട് കഴിഞ്ഞിരുന്നു.

"നിനക്ക് എത്ര ഹിന്ദുക്കൾ കൂട്ടുകാരായി ഉണ്ടെടാ.. നിന്റെ പേരിൽ കേസ് ഉണ്ടോടാ..നിന്നെ ഞാൻ കോടതി കയറ്റും.."

ഇൻസ്‌പെക്ടർ എന്നോടായി എന്തൊക്കൊയോ പറയുന്നുണ്ട്.

ആ വെയിലത്തു നിന്ന് അനിയൻ കരച്ചിൽ തുടങ്ങി. ദയാ ദക്ഷിണ്യം ഇല്ലാത്ത കാക്കി ഇട്ട ആ സംഘിക്ക് അപ്പോഴേയ്ക്കും കുറെ ഫോൺ കോളുകൾ വന്നു കാണണം.

"എടുത്തോണ്ട് പോടാ...നീ കോടതി കയറും.."

എന്നെ നെഞ്ചിൽ തള്ളിക്കൊണ്ട് അയാൾ ആക്രോശിച്ചു..

"എന്റെ മകനെ തൊട്ടു പോകരുത്..."

ഉമ്മച്ചി പറഞ്ഞു..

ഞാൻ മറ്റൊന്നും പറയാതെ ഉമ്മച്ചിയെ കാറിൽ കയറ്റി കോളേജിലേക്ക് പോയി..

വാർത്തകളിൽ മാത്രം കേട്ടിട്ടുള്ള കേരളാ പൊലീസിലെ സംഘിയെ നേരിൽ കാണാൻ കഴിഞ്ഞത് വലിയ കാര്യമാണ് എന്നു കരുതുന്നു. ഉമ്മച്ചിയും അനിയനും 1 മണിക്കൂർ വെയിൽ കൊണ്ടു. സാരമില്ല. കാവി നിക്കറിട്ട ഈ പൊലീസുകാർ പിണറായി വിജയനെയും കൊണ്ടേ പോകൂ..

ഉദ്യോഗസ്ഥന്റെ പേര് VINOD P. ISHO ഓച്ചിറ പോലീസ് സ്റ്റേഷൻ.

തിരിച്ചു പോകേണ്ടി വരാതെയിരിക്കാൻ

നിരന്തരം ഇടപെട്ട എം.പി എൻ.കെ പ്രേമചന്ദ്രനും, കോൺഗ്രസ് പ്രസിഡന്റിനും, മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷ ശ്രീമതി ബിന്ദു കൃഷ്ണയ്ക്കും നിരുപാധികം നന്ദി അറിയിക്കുന്നു... 

Full View

എന്നാൽ അഫ്‌സലിന്റെ ആരോപണം വ്യാജമാണെന്നും സി.ഐ വിനോദ് സംഘിയല്ലെന്നുമുള്ള വാദവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. ലോക്ഡൗൺ ദിനത്തിൽ കറങ്ങാനിറങ്ങിയതിന് പിടിക്കപ്പെട്ടപ്പോൾ ഇരവാദമിറക്കി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും പലരും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സി.ഐ വിനോദിനെതിരെ നേരത്തേയും വർഗീയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നതിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News