പയ്യന്നൂർ ഫണ്ട് തിരിമറി: ടി.ഐ മധുസൂദനൻ എംഎൽഎക്കെതിരെ പൊലീസിൽ പരാതി
യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്
കണ്ണൂർ: പയ്യന്നൂർ ഫണ്ട് വിവാദത്തിൽ ടി.ഐ മധുസൂദനൻ എംഎൽഎക്കെതിരെ പൊലീസിൽ പരാതി. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം എംഎൽഎ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണം അന്വേഷിക്കണം എന്നാണ് ആവശ്യം. പയ്യന്നൂർ ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്.
എന്നാൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നാണ് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. പാർട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ല, കണക്കുകൾ ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതിൽ ചുമതലക്കാർക്ക് വീഴ്ച സംഭവിച്ചെന്നാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൻറെ വിശദീകരണം.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിർമാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിൽ തിരിമറി നടത്തിയെന്നാണ് നേതാക്കൾക്കെതിരെ ഉയർന്നിരുന്ന ആരോപണം. കെട്ടിട നിർമാണ ഫണ്ടിനു വേണ്ടിയുള്ള ചിട്ടിയിൽ 80 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിൽ ഏരിയ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതുണ്ടാക്കി പണം തട്ടിയെന്ന ആരോപണം സി.പി.എം സംസ്ഥാന സമിതി അംഗം ടി.വി രാജേഷ്, പി.വി ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ചത്.