കൈക്കൂലി നൽകാത്തതിനാല്‍ 12 വയസുകാരന് ഡോക്ടർ ചികിത്സ നിഷേധിച്ചെന്ന് പരാതി
സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങി
തൊടുപുഴ: ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിന്റെ പേരിൽ 12 വയസ്സുകാരന് ഡോക്ടർ ചികിത്സ നിഷേധിച്ചെന്ന് പരാതി. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുമായി മണിക്കൂറുകൾ കാത്തുനിന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം.
രാവിലെ 11 മണിയോടെയാണ് സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ മകനൊപ്പം വണ്ണപ്പുറം സ്വദേശിയായ രാജേഷ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തുന്നത്. ഡോക്ടറുടെ പരിശോധനയിൽ കുട്ടിയുടെ കൈക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർ ചികിൽസക്ക് പണം ആവശ്യപ്പെട്ടെന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ അത്യാഹിത വിഭാഗത്തിൽ നിന്ന് ഇറക്കിവിട്ടെന്നുമാണ് പരാതി. ചികിത്സ ലഭിക്കുമെന്ന് കരുതി മണിക്കൂറുകൾ കാത്തുനിന്നെങ്കിലും പ്രാഥമിക ശുശ്രൂഷ പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങി. ചികിത്സാ നിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു ആരോപണ വിധേയനായ ഡോക്ടറുടെ മറുപടി.