ഗുണ്ടാ പിരിവിന്റെ പേരിൽ ഇതരസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചതായി പരാതി
ആലുവ എടയാർ ജംഗ്ഷനിൽ മീൻ കച്ചവടം നടത്തുന്ന പശ്ചിമബംഗാൾ സ്വദേശി മസൂദിൽ വിശ്വാസിനാണ് മർദ്ദനമേറ്റത്
കൊച്ചി: ഗുണ്ടാ പിരിവിന്റെ പേരിൽ ഇതരസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചതായി പരാതി. ആലുവ എടയാർ ജംഗ്ഷനിൽ മീൻ കച്ചവടം നടത്തുന്ന പശ്ചിമബംഗാൾ സ്വദേശി മസൂദിൽ വിശ്വാസിനാണ് മർദ്ദനമേറ്റത്. അക്രമത്തിന് നേതൃത്വം നൽകിയ പ്രതി റിയാസിനെ പൊലീസ് കസ്റ്റിയിലെടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. റോഡരികിൽ മീൻ കച്ചവടം നടത്തുകയായിരുന്ന മസൂദിനടുത്തെത്തിയ നാലംഗം സംഘം പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചോദിച്ച പണം നൽകാൻ മസൂദ് കൂട്ടാക്കിയില്ല. ഇതെ തുടർന്നായിരുന്നു മർദ്ദനം.
സംഘം 15 മിനിറ്റോളം മസൂദിനെ മർദ്ദിച്ചു. മർദ്ദനത്തിൽ തലയ്ക്കും മുഖത്തിനും പരിക്കേറ്റ മസൂദിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്ഥലത്ത് ഗുണ്ടാ സംഘങ്ങളുടെ പിരിവും അക്രമവും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ബിനാനിപ്പുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.