നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി
കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ എത്തിയ ഇവരെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിർത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. ഇന്നലെ രാത്രി ആശുപത്രിയിൽ എത്തിയ ഇവരെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിർത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. പിന്നാലെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചയുടൻ യുവതി പ്രസവിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. വിധുര സ്വദേശിയായ അശ്വതിയും ബന്ധുക്കളും പ്രസവ വേദനയെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിയത്. ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതിന് പകരം അര മണിക്കൂർ നേരം കാത്തിരിപ്പിച്ചു. ഈ സമയം ഗൈനക്കോളജി ഡോക്ടർ ആശുപത്രിയിലുണ്ടായിരുന്നില്ല. ഓൺ കോളിലുണ്ടായിരുന്ന ഡോക്ടർ പൂജപുരയിലാണുണ്ടായിരുന്നത്.
ഓൺ കോളിലുള്ള ഡോക്ടറെ വിളിക്കാൻ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ ആരെങ്കിലും പോകണമെന്ന പ്രോട്ടോകോളുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇങ്ങനെ ഡോക്ടറെ വിളിക്കാൻ വേണ്ടി പോകാൻ ആശുപത്രിയിൽ ആംബുലൻസും ഡ്രൈവറും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഒരു ആംബുലൻസ് മറ്റൊരു ആവശ്യത്തിനായി പുറത്തുപോയിരുന്നു. ഇതുകൊണ്ടാണ് ആശുപത്രിയിലേക്ക് ഡോക്ടർ എത്താതിരുന്നതെന്നതാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.