നെല്ല് സംഭരിച്ച ശേഷം മില്ലുകൾ പാഡി രജിസ്ട്രേഷന്‍ സ്ലിപ്പ് നല്‍കുന്നില്ലെന്ന് പരാതി
മില്ലുകളുടെ നടപടികൾ വൈകിയതോടെ പല കർഷകർക്കും നെല്ലിന്‍റെ പണം ലഭിക്കുന്നത് വൈകുകയാണ്
കോട്ടയം: നെല്ല് സംഭരിച്ച ശേഷം മില്ലുകൾ പാഡി രജിസ്ട്രേഷന്‍ സ്ലിപ്പ് കർഷകർക്ക് നൽകുന്നില്ലെന്ന് പരാതി. കോട്ടയം പള്ളം തൊള്ളായിരം പാടത്തെ കർഷകരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മില്ലുകളുടെ നടപടികൾ വൈകിയതോടെ പല കർഷകർക്കും നെല്ലിന്‍റെ പണം ലഭിക്കുന്നത് വൈകുകയാണ് .
നെല്ല് സംഭരിച്ചാലുടൻ കർഷകർക്ക് പാഡി രജിസ്ടേഷൻ സ്ലിപ്പ് മില്ലുകൾ നല്കണം . സംഭരിച്ച നെല്ലിന്‍റെ അളവ് രേഖപ്പെടുത്തിയ ഈ സ്ലിപ്പ് സപ്ലെകോയിൽ നല്കിയാലെ കര്‍ഷകർക്ക് പണം ലഭിക്കു. എന്നാൽ അടുത്തിടെയായി മില്ലുകൾ പിആര്‍എസ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. പള്ളം തൊള്ളായിരo പാടത്തും സമാന സ്ഥിതി ഉണ്ടായതോടെ കർഷകർ പ്രതിഷേധവുമായി രംഗത്ത് വന്നു.
കഴിഞ്ഞ മാസം 15 മുതൽ 22 വരെയാണ് പള്ളത്തെ കർഷകരുടെ നെല്ല് സംഭരിച്ചത്. എന്നാൽ നാളിതു വരെ പിആര്‍എസ് ഇവിടെ നല്കിയിട്ടില്ല. മിഷ്യനിലുണ്ടായ തകരാറാണെന്നാണ് വിശദീകരണം . പള്ളത്ത് പ്രശ്നം രൂക്ഷമായതോടെ പാഡി ഓഫീസർ ഇടപെട്ടിട്ടുണ്ട് . പിആര്‍എസ് നല്‍കുന്നതിന് പകരം മില്ലുകൾ വെറുമൊരു പേപ്പറിൽ നെല്ല് സംഭരണത്തിന്‍റെ കളക്ക് രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ക്രമക്കേടുകൾ നടത്താനുള്ള നീക്കമാണെന്ന ആക്ഷേപവും ഇതോടെ ഉയർന്നു വന്നിട്ടുണ്ട്.