'കോൺഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായി മാറി'; സിപിഎം
"മുസ്‌ലിം ആരാധനാലയം തകർത്തത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു, മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും"
തിരുവനന്തപുരം: കോൺഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായി മാറിയെന്ന് സിപിഎം. രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത് ഇതിന്റെ ഭാഗമായാണെന്നും മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണ് രാമക്ഷേത്ര ഉദ്ഘാടനമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
"ഹിന്ദുത്വ രാഷ്ട്രീയത്തെ സ്വീകരിക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാർ. ഇതിന്റെ ഭാഗമായാണ് രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെടുത്തി സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത്. മുസ്‌ലിം ആരാധനാലയം തകർത്തത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു. മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും. ഇത് തിരിച്ചറിയാനാവാത്ത കോൺഗ്രസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായി മാറി". സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയെന്നോണമാണ് സിപിഎം പ്രസ്താവന. ബിജെപിയും സിപിഎമ്മും അയോധ്യാ വിഷയം ഒരുപോലെ ഉപയോഗിക്കുന്നുവെന്നായിരുന്നു സതീശന്റെ പരാമർശം.