കോൺഗ്രസ് നേതൃത്വം ആർ.എസ്.എസ്സിന്റെ ബി ടീം, അസംതൃപ്തിയുള്ളവർ ഇടതുമുന്നണിയിലേക്ക് വരും: മുഹമ്മദ് റിയാസ്

അസംതൃപ്തിയുള്ളവർ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷം ശക്തിപ്പെടണമെന്നേ ആഗ്രഹിക്കുകയുള്ളൂവെന്നും മന്ത്രി

Update: 2022-12-11 12:20 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട്: കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ.എസ്സ്.എസ്സിന്റെ ബീ ടീമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിൽ യു.ഡി.എഫിലെ മതനിരപേക്ഷ നിലപാട് ഉള്ളവർക്ക് അതൃപ്തിയുണ്ട്. യു.ഡി.എഫിൽ അസംതൃപ്തിയുള്ള വ്യക്തികൾ ഇടതുപക്ഷത്തേക്ക് വരുമെന്നും മന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ലീഗ് അനുകൂല പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

''മതനിരപേക്ഷ മനസ്സുള്ളവരാണ് യു.ഡി.എഫിലും എൽ.ഡി.എഫിലുമുള്ളത്. അവരെ സംബന്ധിച്ചെടുത്തോളം കടുത്ത അസംതൃപ്തിയുണ്ട്. ആ അസംതൃപ്തിയുള്ളവർ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷം ശക്തിപ്പെടണമെന്നേ ആഗ്രഹിക്കുകയുള്ളൂ. അത് യാഥാർത്ഥ്യമാണ്''- മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ആർ.എസ്.എസ് അനകൂല പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രാഷ്ട്രീയ കാര്യസമതിയിൽ രൂക്ഷ വിമർശനമാണ് നേരിട്ടത്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ശശി തരൂർ വിവാദം, വിഴിഞ്ഞം സമരം, സർവകലാശാല വിവാദം തുടങ്ങിയവയും ഇന്നു ചേർന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായി.

അഞ്ചു മാസങ്ങൾക്ക് ശേഷമാണ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നത്. കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അതേസമയം സിപിഎമ്മിന്റെ ലീഗ് അനുകൂല പ്രസ്താവനയിൽ ലീഗ് നേതൃത്വം തന്നെ മറുപടി നൽകിയതാണെന്ന് യോഗത്തിന് ശേഷം കെ മുരളീധരൻ എം.പി പറഞ്ഞു. ''പാർട്ടി ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും. ലീഗിന്റെ നയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനെ പൂർണ്ണമനസ്സോടെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു''- കെ മുരളീധരൻ എംപി പറഞ്ഞു.

സമകാലീന രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന എല്ലാ വിഷയങ്ങളും രാഷ്ട്രീയ കാര്യസമിതിയിൽ ചർച്ചയായിട്ടുണ്ടെന്നാണ് കെ മുരളീധരൻ വ്യക്തമാക്കുന്നത്. ശശി തരൂർ വന്ന ശേഷം പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുള്ള വിഭാഗീയത ഉൾപ്പെടെ ചർച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ട്. നേതാക്കൾ ഇനി എന്തെങ്കിലും പരിപാടി നടത്തുന്നുണ്ടെങ്കിൽ ജില്ലാ കമ്മിറ്റിയെ അറിയിച്ച് വേണം നടത്താൻ എന്ന നിർദേശം രാഷ്ട്രീയ കാര്യസമിതിയിൽ ഉയർന്നുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി കെ സുധാകരൻ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News