'പുറത്താക്കിയാലും കോൺഗ്രസ് വിടില്ല, വയനാട് ഉപതെരഞ്ഞെടുപ്പിൽ സജീവമാകും': കെ. മുരളീധരൻ

മുരളീധരനെതിരെ വിമർശനം ഉണ്ടായിട്ടില്ലെന്ന് ടി.എൻ പ്രതാപനും

Update: 2024-07-18 07:00 GMT
Advertising

തിരുവനന്തപുരം: വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നത് തൃശൂർ തോൽവി ചർച്ചയാകേണ്ടെന്ന് കരുതിയാണെന്ന വിശദീകരണവുമായി കെ. മുരളീധരൻ. പുറത്താക്കിയാൽ പോലും കോൺഗ്രസ് വിടില്ലെന്നും കെ. കരുണാകരന് ഒരു ചീത്ത പേർ ഇനി ഉണ്ടാക്കില്ലെന്നും മുരളീധരൻ‌ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പിൽ സജീവമാകുമെന്ന് പറഞ്ഞ അ​ദ്ദേഹം കെ. സുധാകരന് കണ്ണൂരും രമേശിന് കോഴിക്കോടും നൽകിയത് നല്ല തീരുമാനമാണെന്നും കൂട്ടിചേർത്തു.

ടി.എൻ പ്രതാപനും ഷാനിമോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. പാലോട് രവിക്ക് എതിരെയുള്ള പോസ്റ്റർ വിഷയത്തിൽ, ഇരുട്ടത്തിരുന്ന് പോസ്റ്റർ ഒട്ടിക്കുന്നവരെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് വിമർശിച്ചു.

കെ. മുരളീധരനെതിരെ വിമർശനം ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി ടി.എൻ പ്രതാപനും രം​ഗത്തു വന്നു. വിമർശനം ഉണ്ടായെന്ന് പാർട്ടി ശത്രുക്കൾ മനപ്പൂർവ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ആരെയും ബലിയാടാക്കുന്നതല്ല പാർട്ടി നയമെന്നും വ്യക്തമാക്കി. 'കോൺഗ്രസ്സിനേയും എന്നെയും വ്യക്തിപരമായി ദ്രോഹിക്കുന്നതിന് വേണ്ടി കുറേ നാളുകളായി മനപൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയാണ്, ഇതിനെതിരെ സംഘടനയ്ക്ക് അകത്ത് പരാതി നൽകുന്നതോടൊപ്പം നിയമനടപടികളും സ്വീകരിക്കും'- പ്രതാപൻ പറഞ്ഞു.

Full View

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News