'രണ്ടു ദിവസമായി ഭരണഘടന കൂടുതൽ പഠിക്കുന്നുണ്ട്'; ഗവർണറെ പരിഹസിച്ച് മന്ത്രി പി.രാജീവ്
നിയമമന്ത്രിക്ക് ഭരണഘടനാ ചട്ടങ്ങൾ അറിയില്ലെന്ന് കഴിഞ്ഞ ദിവസം ഗവർണർ വിമർശനമുന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പരിഹാസം.
തൃശൂർ: തനിക്ക് ഭരണഘടന അറിയില്ലെന്ന് വിമർശിച്ച ഗവർണറെ പരിഹസിച്ച് മന്ത്രി പി.രാജീവ്. രണ്ട് ദിവസമായി ഭരണഘടന കൂടുതൽ പഠിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമമന്ത്രിക്ക് ഭരണഘടന അറിയില്ലെന്ന് ഗവർണർ വിമർശിച്ചിരുന്നു. രാജവാഴ്ചക്ക് വേണ്ടിയാണ് ബ്രിട്ടീഷുകാർ 'ഡോക്ട്‌റിൻ ഓഫ് പ്ലഷർ' (ഏത് സമയവും പിരിച്ചുവിടാനുള്ള അധികാരം) ഉണ്ടാക്കിയത്. ഈ അധികാരം ഉപയോഗിച്ച് ഗവർണർ പദവി ദുരുപയോഗം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.
കേരളത്തിൽ നിക്ഷേപം നടക്കുന്നില്ലെന്ന ഗവർണറുടെ വിമർശനം മന്ത്രി തള്ളി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം 15-ാം സ്ഥാനത്തെത്തി. ഐബിഎമ്മിന്റെ കാമ്പസ് കാക്കനാട് ഉദ്ഘാടനം ചെയ്തു. ലോകോത്തര ഐടി കമ്പനിയായ ടിസിഎസ് കൊച്ചിയിൽ വരികയാണ്. അതൊക്കെ എങ്ങനെ നടക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. മെഡിക്കൽ മേഖലയിൽ ഉൾപ്പെടെ ലോകോത്തര കമ്പനികളുടെ നിക്ഷേപം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അതിന്റെ പ്രചാരകരാകുന്നു. യുജിസി റെഗുലേഷനിൽ ചാൻസിലർ ഗവർണറാകണമെന്ന് എവിടെയും പറയുന്നില്ല. അത് നിയമസഭ നൽകുന്ന പദവിയാണ്. ഇന്ത്യൻ ഭരണഘടനയിൽ ചാൻസിലർ ഇല്ല. ചാൻസിലർക്ക് പ്രവർത്തിക്കാനുള്ള അധികാരം നിയമസഭ നൽകിയതാണ്. സർവകലാശാലയെ പറ്റി സംസാരിക്കുമ്പോൾ അവിടെ ഗവർണർ ഇല്ല ചാൻസിലറെ ഉള്ളൂവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് പുറത്തുപോകുന്നവർക്ക് ഉന്നത പദവി ലഭിക്കുന്നതെങ്ങനെയെന്ന് മന്ത്രി ചോദിച്ചു. കേരളത്തിൽനിന്ന് പോകുന്നവർക്ക് എല്ലാ രാജ്യത്തും ഉന്നത പദവി ലഭിക്കുന്നു. 138 രാജ്യങ്ങളിലെ മലയാളി സാന്നിധ്യം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ മികവാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.