വിവാദ പരാമർശം: നൃത്താധ്യാപിക സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നിയമ പോരാട്ടം തുടരുമെന്ന് ആർ.എൽ.വി രാമകൃഷ്ണൻ
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ നൃത്താധ്യാപിക സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. അധിക്ഷേപത്തെ നിയമപരമായി നേരിടുമെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു.
വിവാദ പരാമർശത്തിൽ സത്യഭാമക്കെതിരെ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. തൃശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമിയും ഈ വിഷയത്തിൽ പരാതി നൽകിയിരുന്നു. കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെ പോരാട്ടം തുടരുമെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. കലാമേഖലയിൽ തനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർ.എൽ.വി രാമകൃഷ്ണന് പിന്തുണ അറിയിച്ച് വിവിധയിടങ്ങളിൽ കലാരംഗത്തുള്ളവർ മോഹിനിയാട്ടം അവതരിപ്പിച്ചു. തിരുവനന്തപുരം മാനവീയം വീഥിയിൽ സൗമ്യ സുകുമാരന്റെ നേതൃത്വത്തിൽ ആയിരുന്നു മോഹിനിയാട്ടം.