'ഒരു പ്രൊഫഷണൽ മറ്റൊരു പ്രൊഫഷണലിനെ കുറിച്ച് പറഞ്ഞതിൽ എന്താണ് തെറ്റ്'; ദിവ്യക്കെതിരെയുള്ള കോൺഗ്രസ് ആക്രമണം ദൗർഭാഗ്യകരമെന്ന് കെ.കെ രാഗേഷ്
കഴിഞ്ഞ ദിവസമാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ്. അയ്യർ പോസ്റ്റ് പങ്കുവെച്ചത്


തിരുവനന്തപുരം: ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ചുള്ള വിവാദം ദൗർഭാഗ്യകാരമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ രാകേഷ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെയാണ് ദിവ്യ അഭിനന്ദിച്ചത്. ഒരു പ്രൊഫഷണൽ മറ്റൊരു പ്രൊഫഷണലിനെ കുറിച്ച് പറഞ്ഞതിൽ എന്താണ് തെറ്റെന്നും കെ.കെ രാഗേഷ് ചോദിച്ചു.
സ്ത്രീയെന്ന പരിഗണന നൽകാതെ ദിവ്യക്കെതിരെ സൈബർ ആക്രമണം നടക്കുന്നു. വിഷയത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം ദൗർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. നായനാരും കരുണാകരനും തമ്മിലുള്ള സൗഹൃദം എന്തായിരുന്നു എന്ന് മുരളീധരൻ ഓർക്കണമെന്നും കെ.കെ രാഗേഷ് പറഞ്ഞു.
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്നായിരുന്നു കെ.മുരളീധരന്‍റെ വിമര്‍ശനം. പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ദിവ്യ.അതിന് അത്രവില മാത്രമാണ് ഞങ്ങള്‍ കല്‍പ്പിക്കുന്നത്. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, കെ.കെ രാഗേഷിനെ പുകഴ്ത്തിയുള്ള സമൂഹമാധ്യമ പോസ്റ്റിലെ വിമർശനത്തിന് മറുപടിയുമായി ദിവ്യ എസ്.അയ്യർ രംഗത്തെത്തി. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ട. ഒന്നര വർഷമായി താൻ നേരിടുന്ന വിമർശനത്തിന് കാരണം ഈ പ്രകൃതമെന്നും ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ച വീഡിയോയിൽ ദിവ്യ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ്. അയ്യർ പോസ്റ്റ് പങ്കുവെച്ചത്. കർണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാമിൽ കുറിപ്പ്.