പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍; സംസ്ഥാനത്ത് വ്യാപക പരിശോധന
അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്
തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.
കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പനക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.പുതിയകാവിനു സമീപം പ്രവര്‍ത്തിക്കുന്ന അനധികൃത പഞ്ഞിമിഠായി നിര്‍മാണ കേന്ദ്രമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചത്. അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന പഴയ കെട്ടിടത്തില്‍ ബുധനാഴ്ചയാണ് റെയ്ഡ് നടത്തിയത്. തികച്ചു വൃത്തിഹീനമായ ചുറ്റുപാടിലാണ് മിഠായി നിര്‍മിച്ചിരുന്നത്.
പഞ്ചസാര കൊണ്ട് നിർമിക്കുന്ന സ്പോഞ്ചുപോലുള്ള ഒരു മിഠായിയാണ് കോട്ടൺ കാന്‍ഡി അഥവാ പഞ്ഞി മിഠായി. കാന്റി ഫ്ലോസ്, ഫെയറി ഫ്ലോസ് എന്നും ഇതിനുപേരുണ്ട്. പഞ്ചസാര സ്പോഞ്ച് പോലാക്കിയെടുക്കുന്നതുകൊണ്ട് ഇത് കാണാൻ വളരെ വലുതായിരിക്കും. ഉത്സവപ്പറമ്പുകളിലും സർക്കസ് മൈതാനങ്ങളിലും കാർണിവൽ ആഘോഷ സ്ഥലങ്ങളിലുമാണ് ഈ പലഹാരം സ്ഥിരമായി കാണാറുള്ളത്. വിവിധതരം കളറുകൾ ഇതിനെ ആകർഷകമാക്കാനായി ചേർക്കുന്നു. ഒരു കോട്ടൺ കാന്‍ഡിയില്‍ ഏകദേശം 100 മുതൽ 150 കലോറി ഊർജ്ജം ലഭ്യമായിരിക്കും.