സോളാർ പീഡനപരാതിയിലെ ഗൂഢാലോചന: ഗണേഷ്‌കുമാർ ഹാജരാകണമെന്ന് കോടതി
കേസിലെ തുടർനടപടി റദ്ദാക്കണം, നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന ഗണേഷിന്റെ ഹർജികൾ ഹൈകോടതി നേരത്തെ തള്ളിയിരുന്നു
കൊല്ലം: സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തെന്ന ഹരജിയിൽ കെ.ബി ഗണേഷ്‌കുമാർ എംഎൽഎയും സോളാർ പരാതിക്കാരിയും ഇന്നും കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായില്ല. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഗണേഷ്‌കുമാറും സോളാർ പരാതിക്കാരിയും നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം ആറിലേക്ക് കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്ന് മാറ്റി. സോളാർ ഗൂഡാലോചന കേസിലെ തുടർനടപടികൾ റദ്ദാക്കണം, നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന ഗണേഷിന്റെ ഹർജികൾ ഹൈകോടതി നേരത്തെ തള്ളിയിരുന്നു.
അഡ്വ സുധീർ ജേക്കബിന്റെ ഹരജി കേൾക്കുന്നത് നിരവധി തവണ കോടതി മാറ്റിവെച്ചിരുന്നു. സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തെന്നാണ് ഹരജിക്കാരന്റെ പ്രധാന വാദം. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി നടപടികൾ നേരിടണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.