'സി.പി.എമ്മിനെ വിമർശിക്കാൻ കാനത്തിന് ഭയം': സി.പി.ഐ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

സർക്കാർ പരസ്യങ്ങളിൽ പിണറായിയുടെ ചിത്രം മാത്രമാണുള്ളതെന്നും മുന്നണി ഭരണമാണെന്ന് സി.പി.എം മറക്കുന്നുവെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു

Update: 2022-09-02 03:59 GMT
സി.പി.എമ്മിനെ വിമർശിക്കാൻ കാനത്തിന് ഭയം: സി.പി.ഐ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
AddThis Website Tools
Advertising

കണ്ണൂർ: സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് വിമർശനം. സി.പി..എമ്മിനെ വിമർശിക്കാൻ കാനത്തിന് ഭയമാണെന്നും ആനി രാജയെ എംഎം മണി അധിക്ഷേപിച്ചപ്പോൾ കാനം പ്രതികരിച്ചില്ലെന്നും സമ്മേളനത്തിൽ വിമർശിച്ചു.

സർക്കാർ പരസ്യങ്ങളിൽ പിണറായിയുടെ ചിത്രം മാത്രമാണുള്ളതെന്നും മുന്നണി ഭരണമാണെന്ന് സിപിഎം മറക്കുന്നുവെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു.കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന് വലിയ മേധാവിത്വമുള്ള കമ്മിറ്റിയാണ് കണ്ണൂർ ജില്ലാ കമ്മിറ്റി. അതുകൊണ്ട് തന്നെ ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാർ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ നേതൃത്വത്തിന് മേൽ അത്ര രൂക്ഷ വിമർശനമുണ്ടായിരുന്നില്ല. പക്ഷേ പൊതു ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വലിയ വിമർശനമാണുന്നയിച്ചത്. കാനം രാജേന്ദ്രനെ വേദിയിലിരുത്തി കൊണ്ടു തന്നെയായിരുന്നു വിമർശനം.

"സികെ ചന്ദ്രപ്പനും മറ്റും സെക്രട്ടറിയായിരുന്ന കാലമായിരുന്നു സിപിഐയുടെ വസന്തകാലം. അന്ന് സിപിഎമ്മിനെ സിപിഐക്ക് ഭയമുണ്ടായിരുന്നില്ല. തുറന്നു പറയാനുള്ള കാര്യങ്ങൾ തുറന്നു പറയുന്ന സെക്രട്ടറിമാരായിരുന്നു സികെ ചന്ദ്രപ്പൻ അടക്കമുള്ളവർ. ആദ്യ ഘട്ടത്തിൽ ഈ പാത പിന്തുടർന്ന കാനം പക്ഷേ ഇതിൽ നിന്ന് പിന്നോട്ട് പോയി.ഇതിനുദ്ദാഹരണമാണ് എംഎം മണി ആനി രാജയെ അധിക്ഷേപിച്ച സംഭവവും ലോക്പാൽ ബില്ലുമായി ബന്ധപ്പെട്ട സംഭവങ്ങളും".പ്രതിനിധികൾ വിമർശിച്ചു. എന്താണ് കാനത്തിന് സംഭവിച്ചതെന്നും ഭയമാണോ എന്നും പ്രതിനിധികൾ ചോദിച്ചു. 

എസ്എഫ്‌ഐ അടക്കമുള്ള സംഘടനകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി. പലയിടത്തും രാഷ്ട്രീയ ശത്രുക്കളെപ്പോലെയാണ് എസ്എഫ്‌ഐ പെരുമാറുന്നതെന്നും പല ക്യാംപസുകളിലും വിദ്യാർഥി സംഘടനകളെ പ്രവർത്തിപ്പിക്കാൻ പോലും ഇവർ സമ്മതിക്കുന്നില്ലെന്നും ബിജെപിയും കോൺഗ്രസുമൊക്കെയാണ് രാഷ്ട്രീയ ശക്തികൾ എന്ന് പറയുമ്പോഴും ഇവരെയൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.

കെ.കെ. രാകേഷിന്റെ ഭാര്യയുടെ സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐ ഇതുവരെ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ലെന്നും ഇതെന്തു കൊണ്ടാണെന്നും പ്രതിനിധികൾ ചോദിച്ചു. ഒപ്പം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോയത് ശരിയായില്ലെന്നും സമ്മേളനത്തിൽ വിമർശിച്ചു.


Full View

എന്നാൽ എന്തിനും ഏതിനും സിപിഎമ്മിനെ വിമർശിക്കേണ്ടതില്ലെന്ന് ചർച്ചയ്ക്ക് സത്യൻ മൊകേരി മറുപടി നൽകി.കാനത്തിന് എന്തെങ്കിലും തരത്തിലുള്ള ഭയമോ നയവ്യതിയാനമോ ഉണ്ടായിട്ടില്ലെന്നും കാനം പഴയ കാനം തന്നെയാണെന്നും മൊകേരി പ്രതികരിച്ചു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News