പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാമെന്ന ഗൂഢാലോചനയോടു കൂടിയ നീക്കങ്ങള്‍; അജിത് കുമാറിനെതിരെ ജനയുഗം

ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്

Update: 2024-09-23 05:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും അജിത് കുമാറിന്‍റെ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി അജിത് കുമാർ സ്വയം കുറ്റമുക്തനായിയെന്നും ജനയുഗം ലേഖനത്തില്‍ പറയുന്നു. 'അജിത് കുമാറും ഓടുന്ന കുതിരയും' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

''തൃശൂര്‍പൂരം കലക്കല്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എം.ആര്‍ അജിത് കുമാര്‍. ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്‍റെ കണ്ടുപിടിത്തം. പരിചയക്കുറവുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്‌പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ട്. പൂരം കലക്കല്‍ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. കലക്കലില്‍ പ്രതിഷേധിക്കുന്ന ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ചിത്രം. ചാരനിറത്തിലുള്ള ഷര്‍ട്ടുധാരി. ഇരുകൈകളും ലോകരക്ഷകനായ കര്‍ത്താവിനെപ്പോലെ അന്തരീക്ഷത്തിലേക്കുയര്‍ത്തി അനുഗ്രഹിക്കുംവണ്ണമുള്ള ചിത്രം. പൂര പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ വ്യക്തം.

എഡിജിപി രംഗത്തുള്ളപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് വെറുമൊരു എസ്‌പിയാകുന്നതെങ്ങനെ? പൂരം എങ്ങനെ ഭംഗിയാക്കാമെന്നതിനുപകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് ആ വീഡിയോയില്‍ കാണാം. പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍ തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാവുമോ. നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പൂരം കലക്കല്‍ റിപ്പോര്‍ട്ട്. ‘ഓടുന്ന കുതിരയ്ക്ക് ആടുന്ന.… ഭൂഷണം’ എന്നാണല്ലോ ചൊല്ല്!''ലേഖനത്തില്‍ പറയുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News