സി.പി.എമ്മിനെതിരെ മാധ്യമങ്ങൾ ഗൂഢാലോചന നടത്തുന്നു: എ വിജയരാഘവൻ

പാര്‍ട്ടിക്കെതിരെയുള്ള വ്യാജപ്രചരണങ്ങളെ അതിജീവിക്കാനായത് ജനങ്ങളുടെ വിശ്വാസം കൊണ്ട്.

Update: 2021-06-30 16:40 GMT
Advertising

സിപിഎമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ ഗൂഢാലോചന നടത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സ്വർണക്കടത്ത് കേസിൽ സർക്കാർ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചത്. എന്നാൽ സി.പി.എമ്മിനെ ആക്രമിക്കാൻ ദുരുദ്ദേശപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. 

വ്യാപക കളവുകളാണ് പാർട്ടിക്കെതിരെ പ്രചരിപ്പിക്കുന്നത്. അതിനെയെല്ലാം അതിജീവിക്കാനായത് ജനങ്ങളുടെ വിശ്വാസം കൊണ്ടാണ്. ഇപ്പോഴും മാധ്യമങ്ങൾ കളവ് പ്രചരിപ്പിക്കുന്നു.  തെറ്റായ ജീവിതചര്യയുള്ളവർ ഇടതുപക്ഷ പ്രസ്ഥാനത്തിൽ ഉണ്ടാകില്ല. അതിന് പാർട്ടി സമ്മതിക്കില്ല. ആ പാർട്ടിയെ അപവാദത്തിലൂടെ ദുർബലപ്പെടുത്താനാണ് ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു. 

പാർട്ടിയെ സംരക്ഷിക്കാൻ ഒരു നായാ പൈസയും സി.പി.എമ്മിന് ആവശ്യമില്ല. സമൂഹം അംഗീകരിക്കാത്ത ഒന്നിനെയും സി.പി.എം അംഗീകരിക്കില്ല. തെറ്റായ ഒരു പണവും പാർട്ടിക്ക് വേണ്ട. പാവപ്പെട്ട മനുഷ്യന്‍റെ കൈയ്യിൽ പണമുണ്ടെങ്കിൽ അവർ സി.പി.എമ്മിനെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നിലപാടിലാണ് 100 രൂപയ്ക്ക് പെട്രോൾ വാങ്ങേണ്ടി വരുന്നത്. കേന്ദ്രസർക്കാരിന് പണത്തിന്റെ ബുദ്ധിമുട്ട് വരുമ്പോൾ ഇന്ധന വില വർധിപ്പിക്കുന്ന രീതിയാണ്. പാവപ്പെട്ടവന്റെ പോക്കറ്റടിക്കുന്ന നടപടിയാണിത്. ലോകത്ത് ഏറ്റവും കൂടുതൽ വിലയ്ക്ക് പെട്രോൾ വിൽക്കുന്നത് ഇന്ത്യയിലാണ്. കേന്ദ്ര ധനമന്ത്രിയുടെ ഉത്തേജക പാക്കേജിൽ എന്തെങ്കിലും നാട്ടിൽ കിട്ടുമോ എന്നും വിജയരാഘവന്‍ ചോദിച്ചു. 

കെ.പി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിനെ തലമുറ മാറ്റമെന്നാണ് പറയുന്നത്. എന്നാൽ ഏറ്റവും കുഴപ്പമുള്ളയാളെയാണ് അധ്യക്ഷനാക്കിയത്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ആളുകൾ പോകുന്നത് രാഷ്ട്രീയ നയത്തിലെ പ്രശ്നം കൊണ്ടാണ്. ബി.ജെ.പിയുടേയും കോൺഗ്രസിന്റെയും നയത്തിൽ മാറ്റമില്ലെന്നും അദ്ദേഹം ആരോപിച്ചു. 

തിരുവഞ്ചൂരിന്‍റെ പരാതി സർക്കാർ തികഞ്ഞ ഗൗരവത്തോടെ തന്നെ പരിശോധിക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. മക്കോക്ക നിയമം പോലെ ജനവിരുദ്ധ നിയമം ഉപയോഗപ്പെടുത്തില്ലെന്നും നിയമ പുസ്തകത്തിലുള്ള നിയമം ദുരുപയോഗം ചെയ്യുന്ന സർക്കാരല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News