കൊല്ലത്തെ തെരഞ്ഞെടുപ്പ് പരാജയം; പരസ്പരം പഴിചാരി സിപിഎം- സിപിഐ നേതാക്കൾ
മുകേഷിന് മുന്നണിയിലെയോ സിപിഎമ്മിലേയോ നേതാക്കളെപ്പോലും തിരിച്ചറിയില്ല.
കൊല്ലം: കൊല്ലത്തെ തെരഞ്ഞെടുപ്പ് പരാജയത്തിൽ പരസ്പരം പഴിചാരി സിപിഎം- സിപിഐ നേതാക്കൾ. മുകേഷിന്റെ പ്രവർത്തനം മോശം ആയിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി. സ്ഥാനാർഥി നിർണായത്തിൽ സിപിഎമ്മിന് വീഴ്ച സംഭവിച്ചെന്ന് സിപിഐ ജില്ലാ കൗൺസിലിലും വിമർശനമുയർന്നു.
റെക്കോർഡ് ഭൂരിപക്ഷത്തിൽ ആയിരുന്നു ഇത്തവണ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന്റെ വിജയം. പരാജയത്തിന് പിന്നാലെ എൽഡിഫിൽ സിപിഐ- സിപിഎം യോഗങ്ങളിൽ സ്ഥാനാർഥി നിർണയം ഉൾപ്പടെ വിമർശിക്കപ്പെട്ടു. പാർട്ടി തീരുമാനിച്ചതു പോലുള്ള പ്രവർത്തനവുമായി സ്ഥാനാർഥിയായ മുകേഷ് മുന്നോട്ടുപോയില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. പ്രേമചന്ദ്രനെതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കേണ്ടതായിരുന്നു എന്ന് നേതാക്കൾ അഭിപ്രായപെട്ടു.
മുഖ്യമന്ത്രി പ്രചാരണത്തിന് എത്തിയിട്ടും ന്യൂനപക്ഷ വോട്ടുകൾ അകന്നുനിന്നു. പ്രകാശ് ജാവഡേക്കറെ കണ്ടെന്ന വോട്ടെടുപ്പ് ദിവസത്തെ ഇ.പി ജയരാജൻ്റ പ്രതികരണം തിരിച്ചടിച്ചുവെന്ന് സെക്രട്ടറിയേറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പോരാട്ടത്തിൽ പ്രേമചന്ദ്രനെ എതിരിടാൻ പറ്റിയ സ്ഥാനാർഥി ആയിരുന്നില്ല എം. മുകേഷ് എന്ന് സിപിഐ ജില്ലാ കൗൺസിലും വിലയിരുത്തി.
മുകേഷിന് മുന്നണിയിലെയോ സിപിഎമ്മിലേയോ നേതാക്കളെപ്പോലും തിരിച്ചറിയില്ല. സിപിഎം ജില്ലാ സെക്രട്ടറിയംഗത്തിനോട് പോലും വോട്ട് ചോദിച്ച സന്ദർഭം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം ഉയർന്നത്. മുന്നണിയെന്ന നിലയിൽ മണ്ഡലത്തിൽ ഐക്യപ്പെടൽ ഉണ്ടായില്ലെന്ന് ഇരു പാർട്ടികളും വിലയിരുത്തി.