പാതിരാ പരിശോധനാ വിവാദം അവസാനിപ്പിക്കാൻ സിപിഎം തീരുമാനം; ചർച്ച തുടർന്നാൽ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തൽ
എന്നാൽ ചർച്ച തുടരാനാണ് യുഡിഎഫ് ക്യാമ്പിന്‍റെ ശ്രമം
പാലക്കാട്: പാതിരാ പരിശോധനാവിവാദം തുടർന്നാൽ തിരിച്ചടി നേരിടുമെന്ന് സിപിഎം വിലയിരുത്തൽ. പെട്ടി വിവാദം അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം . എന്നാൽ ചർച്ച തുടരാനാണ് യുഡിഎഫ് ക്യാമ്പിന്‍റെ ശ്രമം.
പാതിരാ പരിശോധനയിൽ തുടക്കം മുതൽ പാളിച്ച സംഭവിച്ചു എന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കളുടെ വിലയിരുത്തൽ . നീല പെട്ടി വിവാദവും തിരിച്ചടിയാണെന്ന വിലയിരുത്തലാണ് ഭൂരിഭാഗം നേതാക്കൾക്കും ഉള്ളത്. ചർച്ച അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ കൃഷ്ണ ദാസ് തന്നെ പരസ്യമായി പറഞ്ഞു. എന്നാൽ ചർച്ച തുടരനാണ് ജില്ലാ സെക്രട്ടറിയടക്കം ഉള്ളവരുടെ നീക്കം. ഇത് ഗുണകരമാവില്ലെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം . പെട്ടി വിവാദം മാത്രം ചർച്ച ചെയ്യണ്ടതില്ലെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രസ്താവന ഇതിന് തെളിവാണ്
സിപിഎം ചർച്ച നിർത്തിയാലും വിഷയം സജീവമായി ചർച്ചയാക്കാനാണ് യുഡിഎഫ് ക്യാമ്പ് ശ്രമിക്കുക. കള്ളപ്പണം വന്നിട്ടും എന്ത് കൊണ്ട് പൊലീസ് കേസ് എടുക്കുന്നില്ലെന്ന ചോദ്യം സിപിഎമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കും. സിപിഎം - ബിജെപി ഡീലിൻ്റെ ഭാഗമായി നടത്തിയ ഓപ്പറേഷനാണ് പാതിര പരിശോധന എന്ന പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്.